സിംഗപ്പൂർ എയർലൈൻസിന്‍റെ വിമാനം ആകാശച്ചുഴിയിൽ പെട്ടപ്പോൾ ജീവൻ നഷ്ടമായത് ബ്രിട്ടിഷുകാരനായ ജെഫ് കിച്ചൺ (73) എന്ന തിയറ്റർ ജീവനക്കാരനാണ്. ഇന്തൊനീഷ്യയിലെ ക്രൂയിസ് യാത്രയും തുടർന്ന് ഓസ്ട്രേലിയയിലെ അവധിക്കാലവും സ്വപ്നം കണ്ടുകൊണ്ട് ഭാര്യയോടൊപ്പം യാത്രചെയ്യുകയായിരുന്നു ജെഫ്. ആദ്യമായിട്ടായിരുന്നു അവർ ഇരുവരും ഇത്ര ദൈർഘ്യമേറിയ ഒരു യാത്രയ്ക്കു പുറപ്പെട്ടത്. ഒടുവിൽ ഭാര്യയെ തനിച്ചാക്കി ജെഫ് മരണത്തിനു കീഴടങ്ങി, ഒട്ടും പ്രതീക്ഷിക്കാതെ അവരുടെ സന്തോഷത്തിലേക്ക് ഇടിത്തീപോലെയെത്തിയ മരണം.
ചൊവ്വാഴ്ച പുലർച്ചെ ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽനിന്നും സിംഗപ്പൂരിലേക്ക് യാത്രതിരിച്ച സിംഗപ്പൂർ എയർലൈൻസിന്‍റെ ബോയിംങ് 777 -300 ഇ ആർ വിമാനമാണ് അപ്രതീക്ഷിതമായി ഉണ്ടായ ആകാശച്ചുഴിയിൽ പെട്ടത്. 37,000 അടി ഉയരത്തിലായിരുന്ന വിമാനം കുറച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ 6000 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. 211 യാത്രക്കാരും 18 ജോലിക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 47 പേരും ബ്രിട്ടിഷ് പൗരന്മാരായിരുന്നു.
അപകടമുണ്ടായതിനെ തുടർന്ന് ബാങ്കോക്കിലെ രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തിരമായി ലാൻഡു ചെയ്ത വിമാനത്തിലെ യാത്രക്കാരെ പിന്നീട് ആശുപത്രികളിലേക്ക് മാറ്റി. നിസാര പരുക്കുകളേറ്റ 104 പേരെ പ്രാഥമിക ചികിത്സ നൽകി വീടുകളിലേക്ക് വിട്ടയച്ചു. 58 പേർ ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്. ഇതിൽ 20പേർ ഐസിയുവിലാണെന്നാണ് റിപ്പോർട്ടുകൾ.
ഇന്നു രാവിലെയാണ് എയർലൈൻസ് അധികൃതർ അപകടത്തിൽ മരിച്ചയാളുടെ പേരുവിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടത്. ആകാശച്ചുഴിൽപെട്ട് ആറായിരം അടിയോളം താഴേക്കു പതിച്ച സിംഗപ്പൂർ എയർലൈൻസ് വിമാനം നിയന്ത്രണം വിട്ട് തകിടം മറിഞ്ഞു. ഇതിനിടെ ഹൃദയാഘാതം സംഭവിച്ച ജെഫ് മരണപ്പെടുകയായിരുന്നു. അപകടത്തിൽ 58 യാത്രക്കാർക്ക് ഗുരുതരമായും മുപ്പതോളം പേർക്ക് ചെറിയ തോതിലും പരുക്കേറ്റിരുന്നു.
തികഞ്ഞ ആത്മാർഥതയും സത്യസന്ധതയും പുലർത്തുന്ന ഒരു സഹപ്രവർത്തകനെയാണ് തങ്ങൾക്ക് നഷ്ടമായതെന്ന് ജെഫ് ജോലി ചെയ്തിരുന്ന ഗ്ലൂസ്റ്റർഷെയറിലെ തോൺബറി മ്യൂസിക്കൽ തിയറ്റർ ഗ്രൂപ്പ് അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു. ഈ തിയറ്റർ ഗ്രൂപ്പിന്‍റെ സെക്രട്ടറിയും ട്രഷററും ചെയർമാനും ഒക്കെയായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് ജെഫ് കിച്ചൺ. സാഹസിക യാത്രകൾ ഇഷ്ടപ്പെട്ടിരുന്ന ജെഫും ഭാര്യയും ഒരുപാട് നാളെത്തെ ആലോനകൾക്ക് ശേഷം നടത്തിയ യാത്രയായിരുന്നു ഇതെന്നും സഹപ്രവർത്തകർ പറഞ്ഞു.