അറബി ഭാഷയിൽ വിദേശപദങ്ങൾ ചേർക്കുന്നതിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുടെ ഡയറക്ട് ലൈൻ പ്രോഗ്രാമിനിടെയാണ് അദ്ദേഹം അറബി ഭാഷയുമായി ബന്ധപ്പെട്ട തന്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കിയത്. പല അറബിക് വാക്കുകളും മാറ്റി പകരം അന്യഭാഷകൾ ഉപയോഗിക്കുന്നുണ്ടെന്നും അറബി ഭാഷയെ മാറ്റിമറിക്കാൻ ആരെയും അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അറബിയിലേയ്ക്ക് നാല് വർഷം മുമ്പ് ചേർക്കപ്പെട്ട ചില വിദേശ പദങ്ങൾ ഭാഷയുടെ ഭാഗമാണെന്ന് വിശ്വസിച്ചാണ് ഇന്ന് പലരും ഉപയോഗിക്കുന്നത്. ഇന്ന് വിദേശ പദങ്ങളുടെ ഉപയോഗം അതിരുകടക്കുന്നുണ്ടെന്നും കൈറോയിലെ അറബിക് ലാംഗ്വേജ് അക്കാദമിയിലെ അംഗമെന്ന നിലയിൽ രജിസ്റ്റർ ചെയ്ത വിദേശ പദങ്ങൾ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അറബിയിൽ കൂട്ടിച്ചേർക്കപ്പെട്ട വിദേശപദങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഒക്ടോബർ രണ്ടിന് കൈറോയിൽ സംഘടിപ്പിക്കുന്ന അറബിക് ലാംഗ്വേജ് അക്കാദമി കോൺഫറൻസിൽ പങ്കെടുക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.