തദ്ദേശീയമായി നിർമ്മിച്ച ആദ്യ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കി ഷാർജ. ഷാർജ റിസർച്ച്, ടെക്നോളജി ആന്റ് ഇന്നൊവേഷൻ പാർക്ക് (സ്ട്രിപ്) ആണ് ഇലക്ട്രിക് ബൈക്ക് പുറത്തിറക്കിയത്. സുമി ഇ ബി- വൺ എന്ന പേരിൽ പുറത്തിറക്കിയ ബൈക്ക് മേഖലയിലെ ഏറ്റവും വലിയ സ്റ്റാർട്ട്അപ് സംരംഭമായ സ്ട്രിപിന്റെ സോയിലാബിൽ വികസിപ്പിച്ച ആദ്യ തദ്ദേശ ഉൽപന്നമാണിത്.
മെയ്ഡ് ഇൻ യുഎഇ കാമ്പയിന് കീഴിൽ നിർമ്മിച്ച ബൈക്ക് ഗതാഗത മേഖലയിൽ കാർബൺ പുറന്തള്ളപ്പെടുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ചതാണ്. മണിക്കൂറിൽ 150 കിലോമീറ്ററാണ് ബൈക്കിന്റെ വേഗത. ആദ്യ ചാർജിൽ 300 കിലോമീറ്റർ വരെ സഞ്ചരിക്കാം.
വാഹനം ഓടിക്കുന്നവരുടെ സുരക്ഷക്കായുള്ള ഇന്റലിജന്റ് സാങ്കേതികവിദ്യകളും വാഹനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
വാഹനത്തിന്റെ വില സംബന്ധിച്ച വിവരങ്ങൾ ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല. തദ്ദേശമായി രൂപകല്പന ചെയ്തതും നിർമ്മിച്ചതുമായ ഒരു ഉല്പന്നം സ്ട്രിപിൽ നിർമ്മിക്കാൻ സാധിച്ചു എന്നത് അഭിമാനകരമായ കാര്യമാണെന്ന് സ്ട്രിപ് സി.ഇ.ഒ ഹുസൈൻ അൽ മഹ്മൂദി പറഞ്ഞു.