സമുദ്ര കാഴ്ചകളുടെ പുത്തൻ അനുഭവങ്ങൾ നൽകാൻ സീ വേൾഡ് അബുദാബി മെയ് 23 ന് തുറക്കും. യാസ് ഐലൻഡിലാണ് പുതുതായി സജ്ജമാക്കിയ ലോകത്തിലെ ഏറ്റവും വലിയ മറൈൻ തീം പാർക്ക് ഒരുക്കിയിരിക്കുന്നത്. എല്ലാ പ്രായക്കാരെയും ആകർഷിക്കുന്ന തരത്തിൽ അഞ്ച് നിലകളിലായി 1.83 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഈ കടൽകൊട്ടാരത്തിന്റെ നിർമാണം.
എട്ട് സോണുകളിൽ വ്യത്യസ്ത പ്രമേയങ്ങളാക്കി തിരിച്ച് വെള്ളച്ചാട്ടം, ഷോപ്പിങ്, ഡൈനിങ്, റോളർകോസ്റ്റർ റൈഡ് തുടങ്ങി സന്ദർശകർക്കു വേണ്ട എല്ലാം ഇവിടെ സജ്ജമാണ്. കൂടാതെ 2.5 കോടി ലിറ്ററോളം വെള്ളം ഉൾക്കൊള്ളുന്ന സീ വേൾഡിൽ വിവിധ ഇനം ഡോൾഫിൻ, കടൽ നക്ഷത്രം, പെൻഗ്വിൻ, അരയന്നം, മത്സ്യങ്ങൾ, വ്യത്യസ്ത ഇനം സ്രാവുകൾ, കടലാമകൾ, ഉരഗങ്ങൾ തുടങ്ങി 150 ലേറെ ഇനങ്ങളിലുള്ള ഒരു ലക്ഷത്തിലേറെ കടൽ ജീവികളെ തനത് ആവാസ വ്യവസ്ഥകളിലായി ഇവിടെ പാർപ്പിച്ചിട്ടുണ്ട്.
അബുദാബി ഓഷ്യൻ മേഖലയിൽ നിന്നാണ് യാത്ര തുടങ്ങുക. തുടർന്ന് അറേബ്യൻ ഗൾഫിന്റെ ആഴം കുറഞ്ഞ തീരങ്ങളിലേക്ക് അഥിതികളെ കൊണ്ടുപോകും. പിന്നീട് അന്റാർട്ടിക്കയിലെ മഞ്ഞുമൂടിയ പ്രദേശത്തുനിന്ന് ആർട്ടിക്കിലെ ജൈവ വൈവിധ്യത്തിലേക്ക് യാത്ര തിരിക്കും. ലോകത്തിലെ ഏറ്റവും വലിയ മൾട്ടി-സ്പീഷീസ് അക്വേറിയം, നിരീക്ഷണ ഡെക്കുകൾ, എൻഡ്ലെസ് വിസ്റ്റ, റോക്കി പോയിന്റ്, കടൽ ഗുഹ തുടങ്ങി ഏറെ വൈവിധ്യങ്ങൾ ഇവിടെയുണ്ട്. അതേസമയം സമുദ്രവുമായുള്ള മനുഷ്യരുടെ അതുല്യ ബന്ധമാണ് ഈ പാർക്ക് ഉയർത്തിക്കാട്ടുന്നത് എന്ന് സീ വേൾഡ് അബുദാബി ഡപ്യൂട്ടി ജനറൽ മാനേജർ കാർലോസ് റോഡ്രിഗസ് പറഞ്ഞു. അബുദാബി സമുദ്രം, ഉഷ്ണമേഖലാ സമുദ്രം എന്നീ രണ്ട് മേഖലകളിലെ വ്യത്യസ്തതയും ഇവിടെ അനുഭവിച്ചറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടിക്കറ്റ് നിരക്ക്
മുതിർന്നവർക്ക് 375 ദിർഹം.
കുട്ടികൾക്ക് (11ന് താഴെ) 290 ദിർഹം.