രണ്ട് മാസത്തെ ആഘോഷങ്ങൾക്ക് ശേഷം യുഎഇയിലെ വിദ്യാർത്ഥികൾ സ്കൂളിലേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. രാജ്യത്തെ സ്കൂളുകൾ ഓഗസ്റ്റ് 26-നാണ് തുറക്കുക. വേനലവധി അവസാനിക്കാറായതോടെ മിക്കവരും നാട്ടിൽ നിന്നും തിരിച്ച് യുഎഇയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
രണ്ട് മാസമായി ആഘോഷങ്ങളിൽ മുഴുകിയിരിക്കുന്ന വിദ്യാർത്ഥികളെ വരവേൽക്കാൻ സ്കൂളുകളും ഒരുങ്ങിത്തുടങ്ങിയിട്ടുണ്ട്. അതോടൊപ്പം കുട്ടികൾക്ക് ആവശ്യമായ സ്കൂൾ ഉപകരണങ്ങൾ വിൽക്കുന്ന കടകളിലും വലിയ തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. മിക്ക സ്ഥലങ്ങളിലും വലിയ ഓഫറുകളോടെയാണ് സാധനങ്ങൾ വിൽക്കുന്നത്.
അവധിക്കായി നാട്ടിലേയ്ക്ക് പോയവർ മടങ്ങിവരാനുള്ള സമയമായതിനാൽ വിമാന കമ്പനികൾ ടിക്കറ്റ് വില വർധിപ്പിച്ചിട്ടുണ്ട്. ഇതോടെ പ്രവാസി കുടുംബങ്ങൾ പലരും ബുദ്ധിമുട്ടിലായിരിക്കുകയാണ്. മടങ്ങിവരാതിരിക്കാൻ സാധിക്കാത്തതിനാൽ തുക നോക്കാതെയാണ് പലരും ടിക്കറ്റെടുക്കുന്നത്. എന്നാൽ മറ്റുചിലർ ടിക്കറ്റ് നിരക്ക് കുറയുന്നതിനായി കാത്തിരിക്കുകയാണ്.