ഇതാ ഒരു പുതുനഗരം, ലോകം കാണാത്ത കാഴ്ചകളും വിസ്മയങ്ങളുമാണ് സൗദിയില്‍ സാധ്യാമാകുന്ന `ദി ലൈന്‍’ പട്ടണത്തിനുളളത്. 90 ലക്ഷം പേര്‍ക്ക് അധിവസിക്കാവുന്ന വിശാലമായ നഗരം നിര്‍മ്മിക്കുന്നത് നേര്‍ രേഖയില്‍. ആകെ 170 കിലോമീറ്റര്‍ നീളം 200 മീറ്റര്‍ വീതി 500 മീറ്റര്‍ ഉയരം എന്നിങ്ങനെയാണ് തയ്യാറാക്കിയിരിക്കുന്ന രൂപരേഖ.
സൗദി അറേബ്യയില്‍ തബൂക്കിലാണ് നിയോം പട്ടണം സ്ഥാപിക്കുന്നത്. രണ്ട് വര്‍ഷത്തിനകം ആദ്യഘട്ടം പൂര്‍ത്തിയാകും. 2030ഓടെ സ്വപ്ന നഗരം ലോകത്തിന് മുന്നില്‍ പുതിയ വിശാലത തീര്‍ക്കും. ഇതുവരെയുളള നഗര സങ്കല്‍പ്പങ്ങളുടെ പൊളിച്ചെഴുത്താണ് നിയൊം നഗരമെന്നതില്‍ സംശയമില്ല. പതിവുപോലുളള വിശാലമായ റോഡും തിങ്ങി നിറഞ്ഞ ഇടവഴികളും വിമാനത്താവളങ്ങളും ഒക്കെ പഴങ്കഥയാവുകയാണിവിടെ.
20 മിനിറ്റിനുളളില്‍ 170 കിലോമീറ്റര്‍ താണ്ടാവുന്ന ഗതാഗത സംവിധാനം,
മുകളില്‍ നിന്ന് താഴേക്ക് തൂങ്ങിക്കിടക്കുന്ന പാര്‍പ്പിട സമുച്ചയങ്ങൾ, പുറം കാഴ്ചകൾ വ്യക്തമാകുന്ന ഗ്ളാസ് സൗധങ്ങൾ, കാറുകളുടേയും ഫാക്ടറികളുടേയും പുകച്ചുരുളുകൾ ഏല്‍ക്കാത്ത നഗരം, സോളാറിലും കാറ്റാടിയന്ത്രത്തിലും ഉല്‍പ്പാദിപ്പിക്കുന്ന പുനരുപയോഗ വൈദ്യുതി, ആര്‍ട്ടിഫിഷ്യല്‍ ഓട്ടോണോമസ് സാങ്കേതിക വിദ്യകൾ, പ്രകൃതിയെ നോവിക്കാതെ നേര്‍ രേഖയില്‍ പണികഴിപ്പിക്കുന്ന സ്കൂൾ, ആശുപത്രി, ഷോപ്പിങ് മാൾ, വിനോദ കേന്ദ്രങ്ങൾ തുടങ്ങി മനുഷ്യനും പ്രകൃതിയും നിര്‍മ്മിതിയും ഒന്നാകുന്ന
ലോകത്തിലെ ആദ്യ നഗരം.
സൗദി അറേബ്യയുടെ വടക്കേ അതിർത്തിയിൽ ചെങ്കടൽ തീരത്തിന് ആഡംബരത്തിന്‍റെ ചാരുത പകരുന്ന പദ്ധതിയ്ക്ക് അരലക്ഷം കോടിയാണ് മുതല്‍മുടക്ക്. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ സ്വപ്ന സംരഭം. ദി ലൈന്‍ എന്താണെന്ന് അറിയാന്‍ താത്പര്യമുളളവര്‍ക്കായി ജിദ്ദയില്‍ മിനിയേച്ചറും വീഡിയോയും ഉൾപ്പെടുന്ന സൗജന്യ പ്രദര്‍ശനത്തിനും തുടക്കമായിക്കഴിഞ്ഞു. ഈ മാസം 14 വരെ ജിദ്ദയിലെ സൂപ്പര്‍ ഡോം കണ്‍വെന്‍ഷന്‍ ഹാളിലാണ് പ്രദര്‍ശനം. ശേഷം ദമ്മാമിലും റിയാദിലും പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുണ്ട്.