വിമാനത്താവളത്തിൽ എത്തുമ്പോൾ മുതൽ വിവിധ അനൗൺസ്മെന്റുകൾ കേട്ടുതുടങ്ങും. അനൗൺസ്മെന്റുകളൊന്നും ഇല്ലാത്ത ഒരു എയർപോർട്ടിനേക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. എങ്കിൽ അത്തരത്തിൽ നിശബ്ദമായ ഒരു എയർപോർട്ട് സൗദിയിലുമുണ്ട്. സൗദിയിലെ ആദ്യത്തെ നിശബ്ദ വിമാനത്താവളമാണ് അബഹ രാജ്യാന്തര വിമാനത്താവളം. ഇനി മുതൽ ഇവിടെ നിന്നും അനൗൺസ്മെന്റുകൾ ഉൾപ്പെടെയുള്ള ഒരു ശബ്ദവും കേൾക്കില്ല.
ലോകത്തിലെ നിശബ്ദ വിമാനത്താവളങ്ങളായ ഷാങ്ഹായ്, സുറിക്, ദുബായ്, ആംസ്‌റ്റർഡാം, ലണ്ടൻ സിറ്റി എന്നിവയുടെ പട്ടികയിലാണ് ഇപ്പോൾ അബഹ വിമാനത്താവളവും ഉൾപ്പെട്ടിരിക്കുന്നത്. വിമാനം പുറപ്പെടുന്നത് സംബന്ധിച്ചോ യാത്രക്കാർ വിമാനത്തിൽ എത്താത്തത് സംബന്ധിച്ചോ സാധാരണയായി കേൾക്കാറുള്ള അനൗൺസ്മെന്റുകളൊന്നും വിമാനത്താവളത്തിൽ ഇനി കേൾക്കില്ല. ബോർഡിങ് സമയത്തും യാതൊരു വിധത്തിലുള്ള അനൗൺസ്മെന്റുകളും ഉണ്ടാകില്ല. അതേസമയം, ഡിസ്പ്ലേ ബോർഡുകളിൽ വിമാനങ്ങളുടെ സമയക്രമം ഉൾപ്പെടെയുള്ള വിവരങ്ങൾ കൃത്യമായി കാണിക്കുകയും ചെയ്യും.
ശബ്ദ മലിനീകരണം കുറക്കുന്നതിന്റെയും ശാന്തമായ അന്തരീക്ഷം വിമാനത്താവളത്തിനുള്ളിൽ സാധ്യമാക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നീക്കം. ഗേറ്റുകൾ തുറക്കുന്നതിനും യാത്രക്കാർ വിമാനത്തിൽ കയറുന്നതിനും മുമ്പ് ബോർഡിങ് ഗേറ്റുകളിൽ യാത്രാവിവരങ്ങൾ ഡിസ്‌പ്ലേകളിൽ തെളിയും. എന്നാൽ വിമാനങ്ങൾ റദ്ദാക്കുക, കാലതാമസം വരിക തുടങ്ങിയവ ഉൾപ്പെടെ പ്രാധാന്യമേറെയുള്ള അടിയന്തര അറിയിപ്പുകൾക്ക് വേണ്ടി അടുത്ത ഏതാനും മാസങ്ങൾ അനൗൺസ്മെന്റുകൾ ഉണ്ടാകും. പിന്നീട് അതും നിർത്തലാക്കാനാണ് തീരുമാനം.