ആദ്യ ആണവ നിലയം സ്ഥാപിക്കാനുള്ള പദ്ധതിയുമായി സൗദി അറേബ്യ. സമാധാന ആവശ്യങ്ങൾക്കായി സൗദിയിൽ ആദ്യ ആണവ നിലയം സ്ഥാപിക്കാനൊരുങ്ങുന്നതായി ഊർജ്ജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ പ്രഖ്യാപിച്ചു. രാജ്യാന്തര ആണവോർജ ഏജൻസിയുമായി (ഐഎഇഎ) സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വിയന്നയിൽ ഐഎഇഎയുടെ ജനറൽ അസംബ്ലി യോഗത്തിൽ സംസാരിക്കവെയായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ന്യൂക്ലിയർ ടെക്നിക്കുകൾ ഉപയോഗിച്ച് ജീവൻ രക്ഷിക്കാനും കാൻസർ ദുരിതം കുറയ്ക്കാനും 25 ലക്ഷം ഡോളർ ചെലവിൽ ഐഎഇ ആരംഭിച്ച റേസ് ഓഫ് ഹോപ് സംരംഭത്തെ സൗദി പിന്തുണയ്ക്കുമെന്നും മന്ത്രി പറഞ്ഞു. റേഡിയേഷൻ സുരക്ഷയ്ക്ക് ആവശ്യമായ നിയമനിർമ്മാണവും അടിസ്ഥാന സൗകര്യങ്ങളും സൗദിയിൽ ശക്തിപ്പെടുത്തും കൂടാതെ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിന് ഐഎഇഎയുമായി സഹകരിച്ച് പ്രാദേശിക സഹകരണ കേന്ദ്രം തുറക്കാനും പദ്ധതിയിടുന്നതായി മന്ത്രി പറഞ്ഞു.