സൗദി അറേബ്യയിൽ തൊഴിൽ നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുന്ന രീതി പരിഷ്കരിച്ചു. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് പരിഷ്കരിച്ച നിയമാവലി പുറത്തിറക്കിയത്. തൊഴിൽ വിപണി കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽരാജ്ഹി വ്യക്തമാക്കി.
സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് ഇനിമുതൽ സ്ഥാപനങ്ങളുടെ വലിപ്പത്തിനും നിയമ ലംഘനങ്ങളുടെ സ്വഭാവത്തിനും അനുസരിച്ചായിരിക്കും പിഴ ചുമത്തുക. ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് മൂന്നായി തരം തിരിച്ചാണ് സ്ഥാപനങ്ങളുടെ വലിപ്പം കണക്കാക്കുന്നത്. തൊഴിലാളികളുടെ എണ്ണം അൻപതോ അതിൽ അധികമോ ആണെങ്കിൽ എ വിഭാഗത്തിലും 21 മുതൽ 49 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളെ ബി വിഭാഗത്തിലും 20 തൊഴിലാളികളോ അതിൽ കുറവോ ജീവനക്കാരുള്ള സ്ഥാപനങ്ങളെ സി വിഭാഗത്തിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
നിയമലംഘനങ്ങളുടെ ഗൗരവത്തിനനുസരിച്ച് ഗൗരവമേറിയത്, ഗൗരവം കുറഞ്ഞത് എന്നിങ്ങനെ രണ്ടുതരത്തിലാണ് പിഴകൾ ചുമത്തപ്പെടുക. കൂടാതെ സ്വദേശിവൽക്കരണ തോത് ഉയർത്തുന്നതിനും സ്ഥാപനങ്ങളുടെ നിലനിൽപ്പും വളർച്ചയും ഉറപ്പുവരുത്തുന്നതിനും പുതിയ മാറ്റത്തിലൂടെ സാധിക്കുമെന്നും മന്ത്രി അഹമ്മദ് അൽരാജ്ഹി വ്യക്തമാക്കി.