സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍ കടവിലെ ആശ്രമം കത്തിച്ച സംഭവത്തിൽ വഴിത്തിരിവ്. ആശ്രമത്തിന് തീയിട്ടത് പിന്നില്‍ പ്രദേശവാസിയായ പ്രകാശ് എന്ന ആർഎസ്എസ് പ്രവർത്തകനും കൂട്ടാളികളുമാണെന്ന് വെളിപ്പെടുത്തല്‍. പ്രകാശിന്റെ സഹോദരൻ പ്രശാന്താണ് ഇക്കാര്യം ക്രൈംബ്രാഞ്ചിനെ അറിയിച്ചത്.
2022 ജനുവരിയിൽ പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടുളള അന്വേഷണത്തിനിടെയാണ് പൊലീസിന് ആശ്രമം കത്തിക്കല്‍ കേസിന്‍റെ സൂചനകൾ ലഭ്യമായത്. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് പ്രകാശ് ഇക്കാര്യങ്ങൾ പങ്കുവെച്ചിരുന്നെന്നും കൂട്ടുകാരുടെ ക്രൂര മര്‍ദ്ദനമാണ് സഹോദരന്‍റെ ആത്മഹത്യയ്ക്ക് പിന്നെലെന്നും പ്രശാന്ത് മൊഴി നല്‍കി. ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് തിരുവനന്തപുരം അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷയും നൽകിയിട്ടുണ്ട്.
ആശ്രമം കത്തിക്കല്‍ കേസില്‍ സംഘത്തിലുളള ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് പ്രകാശ് അസ്വസ്ഥനാവുകയായിരുന്നെന്നും പ്രശാന്ത് പറയുന്നു. സംഘത്തിലുണ്ടായിരുന്നവരെ കുറിച്ചും ക്രൈംബ്രാഞ്ചിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
അതേസമയം പ്രതിയെ കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്ന് സന്ദീപാനന്ദ ഗിരി മാധ്യമങ്ങളോട് പ്രതികരിച്ചു. താന്‍തന്നെ ആശ്രമം കത്തിച്ചെന്ന നുണപ്രചരണങ്ങൾക്ക് മറുപടിയാണ് പൊലീസ് അന്വേഷണമെന്നും സന്ദീപാനന്ദഗിരി പ്രതികരിച്ചു. 2018ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.