ദുബായ് മെട്രോയുടെ സർവ്വീസിൽ മാറ്റം വരുത്തി റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ഇന്ന് മുതൽ എക്സ്പോ 2020, യുഎഇ എക്സ്ചേഞ്ച് മെട്രോ സ്റ്റേഷനുകൾക്കായി പ്രത്യേക മെട്രോ യാത്രകൾ ഉണ്ടാകുമെന്നാണ് അധികൃതർ പ്രഖ്യാപിച്ചത്. ഇതോടെ ജബൽ അലി മെട്രോ സ്‌റ്റേഷനിൽ ട്രെയിൻ മാറിക്കയറേണ്ട ആവശ്യമില്ല.
ജബൽ അലിയിൽ വൈ ജംക്‌ഷൻ സ്ഥാപിച്ചതോടെ എക്സ്പോയിലേക്കും യുഎഇ എക്സ്ചേഞ്ചിലേക്കും നേരിട്ടുള്ള സർവീസുകൾ സാധ്യമായി. അതിനാൽ സെന്റർ പോയിൻ്റ് സ്‌റ്റേഷനിൽ നിന്ന് യുഎഇ എക്സ്ചേഞ്ചിലേക്ക് കയറുന്നവർക്ക് ജബൽ അലിയിലെ ഇന്റർചേഞ്ച് സ്റ്റേഷനിൽ ഇറങ്ങി ട്രെയിൻ മാറിക്കയറേണ്ട അവശ്യമില്ല. മെട്രോ റെഡ് ലൈനിൽ രണ്ടു ദിശയിലുള്ള അവസാന സ്‌റ്റേഷനുകളാണ് എക്സ്പോ 2020യും യുഎഇ എക്സ്ചേഞ്ചും. രണ്ടു സ്‌റ്റേഷനിലേക്കും പ്രത്യേകം ട്രെയിനുകൾ ഓടിത്തുടങ്ങുന്നതോടെ യാത്രക്കാർക്ക് അതേ ട്രെയിനിൽ ലക്ഷ്യ സ്ഥാനത്തെത്താം.
അടുത്ത ഏതാനും വർഷങ്ങളിൽ കൂടുതൽ സ്റ്റേഷനുകൾ കൂട്ടിച്ചേർക്കാനാണ് അധികൃതരുടെ തീരുമാനം. നിലവിൽ 84 ചതുരശ്ര കിലോമീറ്ററിൽ പ്രവർത്തിക്കുന്ന 64 സ്റ്റേഷനുകൾ 2030-ഓടെ 140 ചതുരശ്ര കിലോമീറ്ററിൽ കൂടുതലുള്ള 96 സ്റ്റേഷനുകളായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.