റിയാദിലെ താമസസ്ഥലത്ത് ഉണ്ടായ തീപിടിത്തത്തിൽ മരിച്ച ആറ് പേരുടെ മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം ഇന്നും നാളെയുമായി നാട്ടിലെത്തും. മെയ് അഞ്ചിന് പുലർച്ചെയാണ് റിയാദിലെ ഖാലിദിയ്യയിൽ പെട്രോൾ പമ്പിലെ താമസസ്ഥലത്ത് തീപിടുത്തമുണ്ടായത്.
പമ്പിൽ പുതുതായി ജോലിക്കെത്തിയ ആറ് പേർ അപകടത്തിൽ മരിച്ചു. മരിച്ചവരിൽ രണ്ട് മലയാളികളും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള നാലുപേരുമുണ്ട്. മലപ്പുറം സ്വദേശി തറക്കൽ അബ്ദുൽ ഹക്കീമിന്‍റെ (31) മൃതദേഹം ഇന്ന് രാത്രി റിയാദിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിലും മലപ്പുറം മേൽമുറി സ്വദേശി കാവുങ്ങാത്തൊടി ഇർഫാൻ ഹബീബി (27) ന്റെ മൃതദേഹം നാളെ രാത്രിയിലുള്ള എയർ ഇന്ത്യ എക്സ്പ്രസിലുമാണ് നാട്ടിലേക്ക് കൊണ്ട് വരിക.
അതേസമയം തമിഴ്നാട് സ്വദേശികളായ മധുരൈയിലുള്ള സീതാരാമൻ (35), കാഞ്ചിപുരം സ്വദേശി കാർത്തിക് (40), ബോംബെ സ്വദേശി അസ്ഹർ (26), ഗുജറാത്ത് സ്വദേശിയായ യോഗേഷ് കുമാർ രാമചന്ദ്ര (38) എന്നിവരുടെ മൃതദേഹങ്ങൾ ഞായറാഴ്ച അവരവരുടെ ജന്മദേശങ്ങളിൽ എത്തും. അപകടം സംഭവിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ റിയാദ് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ സിദ്ധിഖ് തുവ്വൂരും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രംഗത്തുണ്ടായിരുന്നു.
മലപ്പുറം സ്വദേശികളായ രണ്ട് പേരുടെ മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് വേണ്ട രേഖകളും നടപടിക്രമങ്ങളും പൂർത്തിയാക്കിയത് മലപ്പുറം ജില്ലയിലെ കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരിയാണ്. മരിച്ച ആറ് പേരും പ്രവാസ ജീവിതം ആരംഭിച്ച് മാസങ്ങൾക്കുള്ളിലാണ് അപകടത്തിൽപെട്ടത്. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.