ആകാശത്തെ അത്ഭുത പ്രതിഭാസങ്ങൾ ആസ്വദിക്കാൻ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. യുഎഇ നിവാസികൾക്ക് ആകാശ വിസ്മയമായ ഫ്ലവർ മൂൺ ആസ്വദിക്കാൻ സുവർണാവസരം വരുന്നു. മെയ് 22-നാണ് രാജ്യത്ത് അസാധാരണമായ തെളിച്ചത്തോടെയുള്ള ചന്ദ്രനെ കാണാൻ സാധിക്കുക.
മെയ് മാസത്തിലെ പൗർണ്ണമി ചന്ദ്രനെയാണ് ഫ്ലവർ മൂൺ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. ലോകത്തിൻ്റെ പല ഭാഗങ്ങളിലും പൂക്കൾ വിരിയുന്നത് മെയ് മാസത്തിലായതിനാലാണ് മെയ് മാസത്തിലെ പൗർണ്ണമിയെ ‘ഫ്ലവർ മൂൺ’ എന്ന് വിളിക്കുന്നത്. അസാധാരണമായ തെളിച്ചതോടെയും വലുപ്പത്തോടെയും ചന്ദ്രനെ കാണാൻ സാധിക്കുമെന്നതാണ് പ്രത്യേകത. 22ന് രാത്രി യുഎഇ നിവാസികൾക്ക് ദൂരദർശിനികളുടെ സഹായമില്ലാതെ നേരിട്ട് ചന്ദ്രനെ കാണാനും ആസ്വദിക്കാനും സാധിക്കും.
ചന്ദ്രൻ ഉദിക്കുന്ന സമയത്താണ് മനോഹരമായ ഫോട്ടോകൾ എടുക്കാനും ചന്ദ്രനെ ആസ്വദിക്കാനും അനുയോജ്യമെന്ന് ദുബായ് അസ്ട്രോണമി ഗ്രൂപ്പ് സിഇഒ ഹസൻ അൽ ഹരീരി പറഞ്ഞു. ഇതിനായി ജനങ്ങൾക്ക് തിരക്ക് കുറഞ്ഞതോ കാഴ്ച മറയാത്തതോ ആയ പ്രദേശങ്ങൾ തിരഞ്ഞെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.