വ്യാജ ഫെയ്സ് ക്രീമുകൾ തേച്ച് വെളുക്കാൻ നിൽക്കണ്ട, ഇത്തരത്തിലുള്ള ക്രീമുകൾ അപകടകാരികളെന്ന് കണ്ടെത്തൽ. വിപണിയിൽ ലഭിക്കുന്ന ഇത്തരം ക്രീമുകൾ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് ഗുരുതര വൃക്കരോഗങ്ങളെന്നാണ് ഡോക്ടർമാർ പറയുന്നത്. ക്രീം കെമിക്കൽ പരിശോധനക്ക് വിധേയമാക്കിയപ്പോൾ അമിത അളവിലുള്ള രാസസാന്നിധ്യമാണ് കണ്ടെത്തിയത്. ക്രീമുകളിൽ ഉപയോഗിക്കുന്നത് മെർക്കുറിയും ഈയവുമടക്കമുള്ള നിരവധി രാസപദാർത്ഥങ്ങളാണ്.
മെർക്കുറിയുടെ സാന്നിധ്യം ഉപയോഗിക്കാവുന്നതിലും ആയിരം ഇരട്ടിയെന്നും പരിശോധനയിൽ കണ്ടെത്തി. ക്രീം ഉപയോഗിച്ച ശേഷം നിർത്തുന്നവർക്ക് ചർമ്മ രോഗങ്ങളും ബാധിക്കുന്നതായും തെളിഞ്ഞു. വൃക്കയുടെ അരിപ്പയ്ക്ക് കേടുവരികയും പ്രോട്ടീന്‍ മൂത്രത്തിലൂടെ നഷ്ടപ്പെടുകയും ചെയ്യുന്ന മെമ്പ്രനസ് നെഫ്രോപ്പതി എന്ന അപൂര്‍വ വൃക്കരോഗമാണ് കണ്ടെത്തിയത്. പത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചു. കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോക്ടര്‍മാരുടേതാണ് കണ്ടെത്തൽ.
പല പേരുകളിൽ ഓൺലൈൻ സൈറ്റുകളിലും ഫാൻസി കടകളിലും ഇത്തരം ഉൽപന്നങ്ങളുടെ വിൽപനയും തുടരുകയാണ്. കേരളത്തിൽ കേസുകൾ കൂടുന്നെന്ന് പഠനം കണ്ടെത്തിയിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ നിന്നാണ് വ്യാജ ഫേഷ്യൽ ക്രീമുകൾ എത്തുന്നത്. ഇവയിൽ കൂടിയ അളവിൽ ലോഹ മൂലകങ്ങൾ അടങ്ങിയെന്ന് കണ്ടെത്തിയിട്ടുണ്ട്. മൂത്രത്തിൽ പതയും ശരീരത്തിൽ നീരുമാണ് അപൂർവ്വരോഗത്തിന്റെ ലക്ഷണങ്ങൾ. ജാഗ്രത വേണമെന്ന് ഡോക്ടർമാർ ആരോഗ്യവകുപ്പിനെ അറിയിച്ചു. ചൈന, പാകിസ്ഥാൻ,തുർക്കി രാജ്യങ്ങളുടെ ലേബലിലാണ് ഉത്പന്നങ്ങൾ ഫാൻസി കടകളിലും ഓൺലൈൻ സൈറ്റുകളിലും വിൽപ്പന നടത്തുന്നത്.