ദുബായിൽ നിലനിൽക്കുന്ന അസ്ഥിരമായ കാലാവസ്ഥയേത്തുടർന്ന് സർക്കാർ ജീവനക്കാർക്ക് ഓൺലൈൻ ജോലി പ്രഖ്യാപിച്ചു. മെയ് 2, 3 തിയതികളിലാണ് ജീവനക്കാർക്ക് റിമോട്ട് വർക്കിംഗ് പ്രഖ്യാപിച്ചത്.
അതേസമയം, നാളെ (മെയ് 2) യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് റിമോട്ട് വർക്ക് ഓപ്‌ഷൻ അനുവദിക്കാൻ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ മെയ് 2, 3 തിയതികളിൽ ദുബായിലെയും ഷാർജയിലെയും സ്കൂളുകൾക്ക് ഓൺലൈൻ പഠനവും അനുവദിച്ചു.
യുഎഇയിൽ നിലവിൽ മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചതായും കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടാൻ തയ്യാറായതായും യുഎഇയുടെ ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കിയിരുന്നു. അതേസമയം, ഇപ്പോൾ പ്രതീക്ഷിക്കുന്ന മഴ ഏപ്രിൽ 16ന് ഉണ്ടായ റെക്കോർഡ് മഴയ്ക്ക് സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അധികൃതർ അറിയിച്ചിരുന്നു. എന്നാൽ ഇടിയോട് കൂടിയ മഴയ്ക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുള്ളതായാണ് വിലയിരുത്തൽ.