ഗാസയിൽ 4 ദിവസത്തെ വെടിനിർത്തലിനുള്ള കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചതായി പ്രഖ്യാപിച്ച് ഖത്തർ. വെടിനിർത്തലിനും ബന്ദികളെ കൈമാറുന്നതിനുമുള്ള കരാറാണ് ഇസ്രയേലും ഹമാസും അംഗീകരിച്ചത്. വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്ന സമയം 24 മണിക്കൂറിനുള്ളിൽ പ്രഖ്യാപിക്കുമെന്നും ഖത്തർ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഈജിപ്‌തിന്റെയും അമേരിക്കയുടെയും സഹകരണത്തോടെ ഖത്തർ ഇസ്രയേലിനും ഹമാസിനുമിടയിൽ നടത്തിയ മധ്യസ്ഥ ചർച്ചയാണ് ഫലം കണ്ടത്. വെടിനിർത്തൽ പ്രാബല്യത്തിൽ വരുമ്പോൾ ഗാസയിലെ ജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സഹായവുമെത്തിക്കാനുള്ള വാഹനങ്ങൾക്ക് പ്രവേശനം ലഭിക്കുകയും ചെയ്യും.
കരാർ അനുസരിച്ച് ഗാസയിൽ ഹമാസ് ബന്ദികളാക്കിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള 50 പേരെ ഇസ്രയേലിനും ഇസ്രയേൽ ജയിലുകളിൽ കഴിയുന്ന പലസ്‌തീനികളായ സ്ത്രീകളെയും കുട്ടികളെയും പലസ്‌തീനും കൈമാറുമെന്നാണ് ധാരണയെന്നും അധികൃതർ വ്യക്തമാക്കി.