വ്യാജ സർട്ടിഫിക്കറ്റ് നൽകി സൗദിയിൽ ജോലി നേടിയ വിദേശിക്ക് തടവും പിഴയും വിധിച്ചു. ഒരു വർഷം തടവും പിഴയുമാണ് കോടതി ശിക്ഷയായി യുവാവിന് വിധിച്ചത്. സ്വന്തം രാജ്യത്തെ സർക്കാർ മിലിട്ടറി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പേരിൽ വ്യാജ എൻജിനീയറിങ് സർട്ടിഫിക്കറ്റ് നിർമ്മിച്ചാണ് യുവാവ് സൗദിയിൽ ജോലി നേടിയത്.
സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്സ് അക്രഡിറ്റേഷൻ ലഭിക്കുന്നതിനായി രേഖകൾ സമർപ്പിച്ചപ്പോഴാണ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയത്. തുടർന്ന് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. ശിക്ഷ പൂർത്തിയാക്കിയ ശേഷം സൗദിയിൽ നിന്ന് യുവാവിനെ നാടുകടത്താനും കോടതി ഉത്തരവിട്ടതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
രേഖകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്ത് പരിശോധനകൾ കർശനമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.