പ്രവാസികൾ കുടുംബത്തോടെ വരുന്നത് വർധിച്ച സാഹചര്യത്തിൽ അബുദാബിയിൽ ഫ്ലാറ്റുകൾക്കും വില്ലകൾക്കും വാടക കൂടി. 5 ശതമാനം വരെയാണ് നിലവിൽ വില വർധിച്ചത്. നഗരത്തിലെ ചില പ്രദേശങ്ങളിൽ വാർഷിക വാടകയിൽ 2,000 മുതൽ 5,000 ദിർഹം വരെയാണ് വർധനവുണ്ടായത്. ഉൾപ്രദേശങ്ങളിൽ ഇത് 1,000 മുതൽ 3,000 ദിർഹം വരെയും വർധിപ്പിച്ചിട്ടുണ്ട്.
അബുദാബിയിൽ ഈ വർഷം ആദ്യം മുതൽ വില്ലകളുടെയും ഫ്ലാറ്റുകളുടെയും വാടക വർധിപ്പിച്ചു തുടങ്ങിയിരുന്നു. കുടുംബങ്ങൾ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളായ മുസഫ ഷാബിയ, ഖലീഫ സിറ്റി, മുഹമ്മദ് ബിൻ സായിദ് സിറ്റി, ബനിയാസ് എന്നിവിടങ്ങളിലാണ് വില്ലകൾക്കും ഫ്ലാറ്റുകൾക്കും ആവശ്യക്കാർ വർധിക്കുന്നത്. മുമ്പ് മാസവാടക 1,800 മുതൽ 2,000 ദിർഹത്തിന് ഷെയറിങ് റൂം കിട്ടിയിരുന്നത് ഇപ്പോൾ 2,000 മുതൽ 2,500 ദിർഹമായി. വില്ലയിൽ സ്റ്റുഡിയോ ഫ്ലാറ്റിന് വർഷത്തിൽ 32,000 മുതൽ 35,000, ഒരു ബെഡ്റൂം ഫ്ലാറ്റിന് 40,000 മുതൽ 45,000 വരെയും രണ്ട് ബെഡ്റൂം ഫ്ലാറ്റിന് 50,000 മുതൽ 65,000 വരെയും ഈടാക്കുന്നുണ്ട്.
വാടകയ്ക്ക് പുറമെ നിത്യോപയോഗ സാധനങ്ങളുടെ വിലയും ദിനംപ്രതി വർധിച്ചുവരികയാണ്. എന്നാൽ ചെലവുകൾ വർധിക്കുന്നതിന് അനുസരിച്ച് ശമ്പളം ഉൾപ്പെടെയുള്ള വരുമാനത്തിൽ കാര്യമായ വർധനവുണ്ടാകാത്തത് പ്രവാസികളെ ദുരിതത്തിലാക്കുകയാണ്. അതിനാൽ പലരും വാടക ഷെയർ ചെയ്ത് ഒരുമിച്ചാണ് താമസിച്ചുവരുന്നത്.