കഴിഞ്ഞ ജൂൺ 18ന് അറ്റ്ലാൻ്റിക് സമുദ്രത്തിൽ തകർന്നുവീണ ടൈറ്റൻ സമുദ്രപേടകത്തിൻ്റെ അവശിഷ്‌ടങ്ങൾ തീരത്ത് എത്തിച്ചു. തെരച്ചിൽ സംഘത്തിലെ ഹോറൈസൺ ആർട്ടിക് കപ്പലാണ് ടെറ്റൻ പേടകത്തിൻ്റെ അവശിഷ്ടങ്ങൾ കരയ്ക്കെത്തിച്ചത്. തകർന്ന പേടകത്തിൻ്റെ ലാൻഡിംഗ് ഫ്രെയിമും പിൻ കവറുമാണ് കണ്ടെത്തിയത്.
കരയ്ക്കെത്തിച്ച അവശിഷ്ടങ്ങൾ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കുകയാണ്. കാണാതായ അഞ്ച് യാത്രികരുടെ ശരീരാവശിഷ്ടങ്ങളും കരയ്ക്കെത്തിച്ച ഭാഗങ്ങളിൽ ഉണ്ടോയെന്നും പരിശോധന നടത്തുന്നുണ്ടെന്ന് യുഎസ് കോസ്റ്റ് ഗാർഡ് വ്യക്തമാക്കി. യുഎസ് കോസ്റ്റ് ഗാർഡിൻ്റെ മറൈൻ ബോർഡ് ഓഫ് ഇൻവെസ്റ്റിഗേഷൻ (എംബിഐ) ഇത് സംബന്ധിച്ച കൂടൂതൽ പരിശോധനകളും പഠനങ്ങളും ആരംഭിച്ചുകഴിഞ്ഞു.
ടൈറ്റൻ പേടകത്തെ അപകടത്തിലേക്ക് നയിച്ച ഘടകങ്ങൾ മനസിലാക്കാനും സമാനമായ ഒരു ദുരന്തം ആവർത്തിക്കാതിരിക്കാനുമുളള മുന്നൊരുക്കങ്ങൾ അനിവാര്യമാണെന്ന് എംബിഐ ചെയർ ക്യാപ്റ്റൻ ജേസൺ ന്യൂബൗർ പ്രസ്താവനയിൽ പറഞ്ഞു. കടലിനടിയിലുണ്ടായ ശക്തമായ മർദത്തെത്തുടർന്നാണ് ടൈറ്റൻ പൊട്ടിത്തെറിച്ചതെന്നാണ് അധികൃതരുടെ നിഗമനം.
ഓഷ്യൻഗേറ്റ് എക്‌സ്പെഡിഷൻസ് എന്ന മറൈൻ കമ്പനിയാണ് കടലിൻ്റെ അടിത്തട്ടിൽ തകർന്നുകിടക്കുന്ന ടൈറ്റാനിക് കപ്പൽ കാണാനുള്ള യാത്ര സംഘടിപ്പിച്ചത്. യാത്ര തുടങ്ങി അൽപ്പ് സമയത്തിനകം പേടകവുമായുളള ആശയവിനിമയം തകരാറിലാവുകയായിരുന്നു. അഞ്ച് സാഹസിക സമുദ്ര പര്യവേഷകരാണ് ദുരന്തത്തിൽ കാണാതായത്.