യെമനിലെ ജയിലിൽ കഴിയുന്ന മകൾ നിമിഷ പ്രിയയെ കണ്ട സന്തോഷം പങ്കുവെച്ച് അമ്മ പ്രേമകുമാരി. നീണ്ട 12 വർഷങ്ങൾക്ക് ശേഷം മകളെ കാണാൻ സാധിക്കുമെന്ന് കരുതിയില്ലെന്നും മകളെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞുവെന്നും പ്രേമകുമാരി പറഞ്ഞു. എല്ലാം ശരിയാകുമെന്നും സന്തോഷത്തോടെ ഇരിക്കാനും നിമിഷ പ്രിയ പറഞ്ഞുവെന്നും അമ്മ പറഞ്ഞു. മകളെ കാണാൻ എല്ലാ സൗകര്യവുമൊരുക്കിത്തന്ന ജയിൽ അധികൃതർക്ക് പ്രേമകുമാരി നന്ദിയും അറിയിച്ചു.
നിമിഷയുടെ അമ്മ പ്രേമകുമാരിയും ഒപ്പമുള്ള സാമുവേൽ ജെറോമും ഇന്ത്യൻ എംബസി അധികൃതരും ഇന്നലെയാണ് ജയിലിൽ എത്തിയത്. നിമിഷയെ കാണാൻ അമ്മയ്ക്ക് മാത്രമാണ് അനുവാദം നൽകിയത്. പ്രത്യേക മുറിയിലാണ് അമ്മയ്ക്ക് നിമിഷപ്രിയ കാണാൻ ജയിൽ അധികൃതർ സൌകര്യം ഒരുക്കിയത്. ജയിലിൽ ഫോൺ അനുവദിച്ചിരുന്നില്ല.
ഒരു മണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചക്ക് ജയിൽ അധികൃതർ അനുമതി നൽകിയിരുന്നു. നിമിഷക്കൊപ്പമാണ് പ്രേമകുമാരി ഉച്ചഭക്ഷണം കഴിച്ചത്. കൂടിക്കാഴ്ച അതിവൈകാരികമായിരുന്നുവെന്ന് ഇവർക്കൊപ്പം ഉള്ള സാമുവൽ ജെറോം പറഞ്ഞു.