നീണ്ട 11 വർഷത്തെ കാത്തിരിപ്പ് സഫലമാകാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കാണാൻ ഒടുവിൽ അമ്മ പ്രേമകുമാരിയ്ക്ക് അനുമതി ലഭിച്ചു. ഇതോടെ നീണ്ട നാളുകൾക്ക് ശേഷം തന്റെ മകളെ കൺകുളിർക്കെ കാണാൻ കാത്തിരിക്കുകയാണ് ഈ അമ്മ.
നിമിഷപ്രിയയെ കാണുന്നതിനായി ഇന്ന് ഉച്ചയ്ക്ക് ശേഷം സനയിലെ ജയിലിൽ എത്താനാണ് പ്രേമകുമാരിയോട് ജയിൽ അധികൃതർ നിർദേശിച്ചിരിക്കുന്നത്. തന്റെ മകളെ ഒരു നോക്ക് കാണുന്നതിനായി വർഷങ്ങളായി പ്രേമകുമാരി നടത്തുന്ന ശ്രമമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്. ശനിയാഴ്‌ചയാണ് പ്രേമകുമാരിയും ആക്ഷൻ കൗൺസിൽ ഭാരവാഹിയും യെമെനിലെ ബിസിനസുകാരനുമായ സാമുവേൽ ജെറോമും കൊച്ചിയിൽ നിന്ന് യെമൻ്റെ തലസ്ഥാനമായ എയ്‌ഡനിലേക്ക് വിമാനം കയറിയത്. തുടർന്ന് ഇന്നലെ രാവിലെ 9 മണിയോടെ ഇരുവരും സനയിലെത്തുകയായിരുന്നു.
നിമിഷപ്രിയയെ കാണുന്നതിനൊപ്പം കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തെയും ഇരുവരും കാണും. മൂന്ന് മാസത്തെ യെമെൻ വിസയാണ് ഇതിനായി പ്രേമകുമാരിക്ക് ലഭിച്ചിട്ടുള്ളത്. മകളെ കാണണമെന്ന പ്രേമകുമാരിയുടെ ആവശ്യം നേരത്തേ കേന്ദ്രം നിഷേധിച്ചിരുന്നെങ്കിലും ഒടുവിൽ അനുവാദം നൽകുകയായിരുന്നു.