യാത്രക്കാരെ എത്തിക്കേണ്ട ടെർമിനൽ മാറിയതോടെ പുലിവാല് പിടിച്ചിരിക്കുകയാണ് വിസ്താര എയർലൈൻ. ദുബായിൽ നിന്ന് മുംബൈയിലേയ്ക്ക് യാത്ര ചെയ്തവരെയാണ് അന്താരാഷ്ട്ര ടെർമിനലിൽ എത്തിക്കേണ്ടതിന് പകരം ആഭ്യന്തര ടെർമിനലിൽ എത്തിച്ചത്. സംഭവം സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായതോടെ എയർലൈൻ അധികൃതർ സുരക്ഷാവീഴ്ചയിൽ ഖേദവും പ്രകടിപ്പിച്ചു.
ഫെബ്രുവരി നാലിന് ദുബായില്‍ നിന്ന് മുംബൈയിലെത്തിയ വിസ്താര എയർലൈനിന്റെ UK 202 എന്ന വിമാനത്തിലെത്തിയ യാത്രക്കാർക്കാണ് ടെർമിനൽ മാറി ഇറങ്ങേണ്ടിവന്നത്. തുടർന്ന് ഇമിഗ്രേഷൻ നടപടികളോ കസ്റ്റംസ് പരിശോധനയോ നടത്താതെ യാത്രക്കാരെ ആഭ്യന്തര ടെർമിനൽ കടക്കാനനുവദിക്കുകയും ലഗേജ് ബെൽറ്റിലേക്കെത്തിക്കുകയും ചെയ്തു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ആഭ്യന്തര ടെർമിനലിലെത്തിച്ചേർന്ന യാത്രികർക്ക് അന്താരാഷ്ട്ര ആഗമന നടപടികൾ പൂർത്തീകരിക്കാനുള്ള സൗകര്യങ്ങൾ വിമാനകമ്പനി ഏർപ്പെടുത്തി.
എന്നാൽ, അധികം വൈകാതെ ഇത് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായി. ഇതോടെയാണ് വിസ്താര എയർലൈൻ അധികൃതർ ഖേദം പ്രകടിപ്പിച്ചത്. കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായത് മനഃപൂർവമല്ലാത്ത അശ്രദ്ധയാണെന്നും അതുമൂലം യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും അധികൃതർ അറിയിച്ചു. കൂടാതെ ഭാവിയിൽ ഇത്തരത്തിലുള്ള വീഴ്ചകൾ സംഭവിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും വിസ്താര ഉറപ്പും നൽകി.