മറ്റൊരാൾക്ക് നന്മ വരണമെന്ന് ആഗ്രഹിച്ച് ചെയ്യുന്ന പല കാര്യങ്ങളും പലപ്പോഴും നമുക്ക് തന്നെ തിരിച്ചടിയാകാറുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് ഇന്നലെ എയർ ഇന്ത്യ എക്സ്പ്രസിൽ നടന്നത്. സീറ്റ് ബെൽറ്റ് ധരിക്കാൻ നിർദേശിച്ചതിന് യാത്രക്കാരൻ സഹയാത്രക്കാരന്റെ മൂക്കിൽ ഇടിച്ചു പരിക്കേൽപ്പിച്ചു. പുലർച്ചെ 2 മണിക്ക് ദുബായിൽ നിന്ന് കൊച്ചിയിലെത്തിയ വിമാനത്തിലായിരുന്നു കയ്യേറ്റം നടന്നത്.
വിമാനം കൊച്ചിയിൽ ലാൻഡ് ചെയ്യുകയാണെന്ന് അനൗൺസ്മെന്റ് വന്നതോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ഈ സമയത്ത് കോട്ടയം സ്വദേശിയായ യാത്രക്കാരൻ വിശാൽ സമീപത്തിരുന്ന ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ സ്വദേശിയായ സഹയാത്രികൻ അനിൽ തോമസിനോട് സീറ്റ് ബെൽറ്റ് ധരിക്കാൻ നിർദേശിച്ചു. എന്നാൽ അത് ചെവിക്കൊള്ളാൻ അനിൽ തയ്യാറായില്ല. ഇതോടെ പുറത്ത് ശക്തമായ മഴയുണ്ടെന്നും സീറ്റ് ബെൽറ്റിടുന്നതാണ് ലാൻഡിങ് സമയത്ത് സുരക്ഷിതമെന്നും ഒരിക്കൽക്കൂടി വിശാൽ അനിലിനോട് ഉപദേശിച്ചു. ഇത് ഇഷ്ടപ്പെടാതിരുന്ന അനിൽ ദേഷ്യത്തോടെ വിശാലിന്റെ മൂക്കിന് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ വിശാലിന് സാരമായി പരുക്കേൽക്കുകയും ചെയ്തു. ഇതുകണ്ട കാബിൻ ജീവനക്കാർ ഉടൻ അടുത്തെത്തുകയും അവർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വിമാനം ലാൻഡ് ചെയ്‌തപ്പോൾ സിഐഎസ്എഫ് ഉദ്യോഗസ്ഥരെത്തി അനിലിനെ പിടികൂടുകയുമായിരുന്നു. തുടർന്ന് അനിലിനെ നെടുമ്പാശേരി പൊലീസിന് കൈമാറി. ഇരുവരെയും പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചെങ്കിലും പരാതി ഇല്ലെന്ന് വിശാൽ എഴുതി നൽകിയതോടെ പൊലീസ് അനിലിനെ വിട്ടയക്കുകയും ചെയ്തു.