അബുദാബി ടോൾ ഗേറ്റ് സിസ്റ്റത്തിന്റെയും അബുദാബി പാർക്കിംഗ് സിസ്റ്റത്തിന്റെയും (മവാഖിഫ്) പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ക്യൂ മൊബിലിറ്റി എന്ന പേരിൽ പുതിയ കമ്പനി ആരംഭിച്ചു. എമിറേറ്റിലെ ടോൾ, പാർക്കിങ് എന്നിവയുടെ നടത്തിപ്പ്, പ്രവർത്തനം, വികസനം എന്നിവയുടെ നിയന്ത്രണം ഇനി ക്യൂ മൊബിലിറ്റിക്കായിരിക്കും.
ഇൻ്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററിൻ്റെ (അബുദാബി മൊബിലിറ്റി) കീഴിലാണ് ക്യൂ മൊബിലിറ്റി പ്രവർത്തിക്കുക. മികച്ചതും സുസ്ഥിരവുമായ ഗതാഗത സൗകര്യങ്ങൾ നടപ്പിലാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ദുബായിൽ ടോൾ ഗേറ്റുകൾ നിയന്ത്രിക്കാൻ സാലിക് കമ്പനി ആരംഭിച്ചത് പോലെയാകും അബുദാബിയിൽ ക്യൂ മൊബിലിറ്റി പ്രവർത്തിക്കുക.
അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻവെസ്റ്റ്മെൻ്റ് ആന്റ് ഹോൾഡിങ് കമ്പനിയായ എ.ഡി. ക്യൂവിന്റെ ഭാഗമാണ് ക്യൂ മൊബിലിറ്റി. അബുദാബി വിമാനത്താവളങ്ങൾ, അബുദാബി പോർട്സ് ഗ്രൂപ്, ഇത്തിഹാദ് എയർവെയ്സ്, വിസ് എയർ അബുദാബി, ഇത്തിഹാദ് റെയിൽ എന്നിവയുടെ ഗതാഗത, ലോജിസ്റ്റിക്സ് ചുമതല എ.ഡി. ക്യൂവിനാണ്.