ഒമാനിൽ കുടുംബ വിസകൾക്കുളള ശമ്പളപരിധി കുറച്ചതായി റിപ്പോര്‍ട്ടുകൾ. 150 റിയാലായാണ് കുറച്ചത്. നേരത്തെ കുറഞ്ഞത് 350 റിയാൽ ശമ്പളം വാങ്ങുന്നവർക്കേ ഒമാനിൽ കുടുംബത്തെ ഒപ്പം കൂട്ടാന്‍ അനുമതി നല്‍കിയിരുന്നുള്ളൂ. മലയാളികളടക്കമുള്ള പ്രവാസികൾക്ക് ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം.
മുമ്പ് 600 റിയാല്‍ ആയിരുന്നു കുടുംബ വിസയ്ക്കുളള ശമ്പള പരിധി. പിന്നീട് 350 റിയാലാക്കി താഴ്ത്തുകയായിരുന്നു. രണ്ട് വര്‍ഷം കാലാവധിയുളളതാണ് നിലവില്‍ അനുവദിക്കുന്ന ഫാമിലി വിസകൾ. ഒമാനിൽ താമസിക്കുന്ന വിദേശികളുടെ ഭാര്യ / ഭർത്താവ്, കൂടാതെ 28 വയസ്സിന് താഴെയുള്ള മക്കൾക്കും ഫാമിലി ജോയിംഗ് വിസ അനുവദിക്കും. പ്രവേശന തീയതി മുതൽ അല്ലെങ്കിൽ പാസ്‌പോർട്ടിൽ സ്റ്റാമ്പ് ചെയ്ത തീയതി മുതൽ രണ്ട് വർഷത്തേക്ക് രാജ്യത്ത് തങ്ങുന്നതിന് ഇത് സാധുതയുള്ളതാണ്. ഫാമിലി വിസിറ്റിംഗ് വിസയും ഒമാന്‍ നല്‍കിവരുന്നുണ്ട്.
അതേസമയം എന്ന് മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരിക എന്ന്
വ്യക്തമാക്കിയിട്ടില്ല. പുതിയ പരിഷ്കരണങ്ങൾ രാജ്യത്ത് നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നീക്കം. ഒമാൻ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതാണ് പുതിയ തീരുമാനമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 50 ലക്ഷം ആണ് ഒമാനിലെ ജനസംഖ്യ. ഒമാനിലെ മൊത്തം ജനസംഖ്യയുടെ 42.21 ശതമാനവും പ്രവാസികളാണെന്നാണ് കണക്ക്.