ബലിപെരുന്നാൾ-വേനലവധി കണക്കാക്കി യാത്രക്കാരുടെ തിരക്ക് വർധിക്കാൻ സാധ്യയുള്ളതിനാൽ ദുബായ് വിമാനത്താവളം വഴിയുള്ള യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി അധികൃതർ. തിരക്ക് വർധിക്കുന്നതിനാൽ വിമാനത്താവളത്തിൽ പ്രത്യേക സംവിധാനങ്ങളും യാത്രക്കാർക്കായി ഒരുക്കിയിട്ടുണ്ട്. എമിറേറ്റ്സ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർ ഹോം ചെക്ക് ഇൻ, ഏർലി ചെക്ക് ഇൻ, സെൽഫ് സർവീസസ് ചെക് ഇൻ സംവിധാനങ്ങൾ ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു.
ദുബായിലും, അജ്മാനിലും, എമിറേറ്റ്സിന് സിറ്റി ചെക് ഇൻ സംവിധാനങ്ങൾ ഉണ്ട്. അതിനാൽ യാത്രക്കാർക്ക് ഇവ പ്രയോജനപ്പെടുത്തി തിരക്ക് കുറക്കാൻ സാധിക്കും. ഫ്ളൈ ദുബായ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർ വിമാനം പുറപ്പെടുന്ന സമയത്തിന് കുറഞ്ഞത് നാല് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്തണം. മറ്റ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർ വിമാനം പുറപ്പെടുന്ന സമയത്തിന് മൂന്ന് മണിക്കൂർ മുമ്പ് എത്തേണ്ടതാണെന്നും നിർദേശത്തിലുണ്ട്.
യുഎസ്, ടെൽ അവീവ് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർ പന്ത്രണ്ട് മണിക്കൂർ മുമ്പ് ലഗേജുകൾ എത്തിക്കേണ്ടതാണ്. ദുബായ്, ഷാർജ, എന്നീ എമിറേറ്റുകളിലെ യാത്രക്കാർക്ക് വീടുകളിലെ ചെക് ഇൻ സേവനം ഉപയോഗപ്പെടുത്താം. അതേസമയം പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് പാസ്പോർട്ട് കൺട്രോൾ നടപടികൾ എളുപ്പത്തിലാക്കാൻ സ്മാർട്ട് ഗേറ്റുകളും ഉപയോഗിക്കാം. യാത്രക്കാർ ആവശ്യമായ രേഖകൾ കൈവശം കരുതണമെന്നും ലഗേജുകൾ നേരത്തെ ഭാരം നോക്കി മാത്രം എയർപോർട്ടിൽ എത്തിക്കണമെന്നും അധികൃതർ നിർദേശിച്ചു.