ലോക സാമ്പത്തിക മേഖലയില്‍ 2030 ഓടെ ഗൾഫ് രാജ്യങ്ങൾ കൂടുതല്‍ ശക്തരാകുമെന്ന് റിപ്പോര്‍ട്ട്. ഏഷ്യന്‍ മേഖലയിലെ രാജ്യങ്ങളുമായി ജിസിസി രാഷ്ട്രങ്ങൾ വ്യാപാരം ശക്തമാക്കും. പത്ത് വര്‍ഷത്തിനുളളില്‍ 60 ശതമാനം വ്യാപാര വർധനവ് ഗൾഫ് മേഖലയിലുണ്ടാകുമെന്ന് അന്താരാഷ്ട്ര പഠന ഏജന്‍സിയായ നിക്കെയ് – ഏഷ്യാ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
എണ്ണയിൽ നിന്ന് പുനരുപയോഗ ഊര്‍ജ്ജത്തിലേക്ക് ലോകം മാറുമ്പോൾ എണ്ണ ഇതര മേഖലകളുടെ വികസനത്തിന് ഗൾഫ് രാജ്യങ്ങൾ പ്രാധാന്യം നല്‍കുന്നതാണ് വളര്‍ച്ചയ്ക്ക് കാരണമാകുന്നത്. തുറമുഖങ്ങൾ, ലോജിസ്റ്റിക്സ്, ഇൻഫ്രാസ്ട്രക്ചർ, ഡിജിറ്റലൈസേഷൻ, ഫിൻ ടെക്, എന്നിവയുൾപ്പെടെ എണ്ണ ഇതര മേഖലകൾ അതിവേഗം വികസിപ്പികയയാണ് ഗൾഫ്. സൗരോർജ്ജം, ഹൈഡ്രജൻ തുടങ്ങിയ ബദൽ ഊർജ വൈവിധ്യത്തിന് പ്രാധാന്യം നല്‍കുന്നതും നിക്ഷേപ സാധ്യതകൾ ഉയര്‍ത്തുന്നതാണ്.
ജിസിസി രാജ്യങ്ങൾ നടത്തുന്ന നയതന്ത്ര നീക്കങ്ങളും വളര്‍ച്ചയക്ക് ആക്കം കൂട്ടും. യുഎഇ നടപ്പാക്കുന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ കൂടുതല്‍ രാജ്യങ്ങൾ സഹകരിക്കും. സൗദിയും ഉഭയകക്ഷി ബന്ധങ്ങൾ വിപുലമാക്കുന്നത് ഗുണം ചെയ്യും. ഗൾഫ് മേഖല കേന്ദ്രീകരിച്ച് കൂടുതല്‍ നിക്ഷേപമെത്തുമെന്ന നിഗമനമാണ് ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടിലുളളത്.