പുതുവർഷത്തോടനുബന്ധിച്ച് അബുദാബിയിലെ എല്ലാ റോഡുകളിലും തെരുവുകളിലും തൊഴിലാളികളെ കൊണ്ടുപോകുന്ന ട്രക്കുകൾ, ഹെവി വാഹനങ്ങൾ, ബസുകൾ എന്നിവയ്ക്ക് അബുദാബി പോലീസ് നിരോധനം പ്രഖ്യാപിച്ചു. ഷെയ്ക്ക് സായിദ് പാലം, ഷെയ്ഖ് ഖലീഫ പാലം, മുസ്ഫ പാലം, സെക്ഷൻ ബ്രിഡ്ജ് എന്നീ മേഖലകളിലാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുളളത്.
ഡിസംബർ 31 ശനിയാഴ്ച രാവിലെ ഏഴ് മണി മുതൽ 2023 ജനുവരി ഒന്ന് ഞായറാഴ്ച രാവിലെ ഏഴ് മണി വരെ നിരോധനം നടപ്പിലാക്കുമെന്ന് സെൻട്രൽ ഓപ്പറേഷൻസ് സെക്ടറിന്റെ ട്രാഫിക് ആൻഡ് പട്രോൾ ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ മഹ്മൂദ് യൂസഫ് അൽ-ബലൂഷി വിശദീകരിച്ചു. കൂടുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിന് സ്മാർട്ട് സംവിധാനങ്ങൾ ഉപയോഗിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സുരക്ഷാ മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഗതാഗത തിരക്കേറുമെന്നും ആഘോഷങ്ങളിലും മറ്റും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.