ജന്മനാടിനെ കുറിച്ച് നടി നവ്യാ നായർ നടത്തിയ പരാമർശം വിവാദമായി. ജനിച്ചു വളർന്ന പ്രദേശത്തെ നാട്ടുകാരുടെ അകത്തും പുറത്തും വെള്ളമാണെന്നായിരുന്നു നവ്യയുടെ പരാമർശം. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം വിവാദ പരാമർശം നടത്തിയത്.
താരം നാട്ടിൻപുറത്തുനിന്ന് വരുന്ന ആളാണ്. ചേപ്പാട്. ഇപ്പോഴാണ് മുതുകുളം എന്നു പറയുന്ന സ്ഥലത്തേക്ക് താമസം മാറിയത്. അമ്മയുടെയും അച്ഛന്റെയും നാടെല്ലാം അടുത്തടുത്താണ്. ഒരു കിലോമീറ്റർ വ്യത്യാസമേയുള്ളൂ ഇരുവരുടെയും നാടുകൾ തമ്മിൽ. പണ്ട് ദിലീപേട്ടൻ അവിടെ വന്നിട്ട് ചോദിച്ചിട്ടുണ്ട് ഇവിടെ കറണ്ടൊക്കെ ഉണ്ടോയെന്ന്. അത്രത്തോളം പാടങ്ങൾ ഉണ്ടിവിടെ. കുറേ കുളങ്ങളുണ്ട് ഇവിടെ. എല്ലാം കുളങ്ങളാണ്. കായംകുളം, മുതുകുളം, ഫുൾ വെള്ളമാണ്. ആൾക്കാരുടെ അകത്തും വെള്ളം പുറത്തും വെള്ളം മാത്രം എന്നാണ് നവ്യ നായർ അഭിമുഖത്തിൽ പറഞ്ഞത്.
എന്നാൽ അഭിമുഖം വിവാദമായതോടെ പ്രദേശവാസികൾ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തി. താരത്തിന്റെ കമന്റ് ബോക്സിൽ നിരവധി പേരാണ് പ്രതിഷേധവും അതൃപ്തിയും രേഖപ്പെടുത്തിയത്. കായംകുളംകാരായത്തിൽ അഭിമാനം മാത്രമേയുള്ളു. വളർന്ന് വലുതായപ്പോൾ ജനിച്ച നാടിനെ പുച്ഛിക്കുന്നത് വളരെ മോശം കാര്യമാണ്. എന്നിങ്ങനെ നിരവധി പേർ സോഷ്യൽ മീഡിയ കമന്റുകളുമായി എത്തി.