നവകേരള ബസ്സ് എന്ന് കേൾക്കുമ്പോഴേ ആദ്യം മനസ്സിൽ ഓടിയെത്തുന്നത് വിവാദ വാർത്തകളായിരുന്നു. ഏറെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ സംസ്ഥാന സർക്കാരിന്റെ നവകേരള യാത്രയ്ക്കായി 1.15 കോടി രൂപ മുടക്കി ഭാരത് ബെൻസിന്റെ പുതിയ ബസ് വാങ്ങിയതാണ് വിവാദങ്ങൾക്ക് ആധാരമായത്. ഏറെ നാളുകൾ നീണ്ട വിമർശനങ്ങൾക്കൊടുവിൽ ബസ് നിരത്തിലേക്ക് ഇറങ്ങുകയാണ്.
മെയ് അഞ്ചുമുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. കോഴിക്കോട് – ബെംഗളുരു റൂട്ടിലാണ് സര്‍വീസ് നടത്തുക. ‘ഗരുഡ പ്രീമിയം’ എന്ന പേരിലായിരിക്കും ബസ് നിരത്തിലിറങ്ങുക. 26 പുഷ് ബാക്ക് സീറ്റുകളാണ് ബസ്സിലുള്ളത്. രാവിലെ 04.00 മണിക്ക് കോഴിക്കോടു നിന്നും പുറപ്പെടുന്ന ബസ് സുല്‍ത്താന്‍ ബത്തേരി വഴി 11.35 ന് ബെംഗളൂരു എത്തും. ഉച്ചയ്ക്ക് 2.30ന് ബെംഗളൂരുവില്‍ നിന്നും ഇതേ റൂട്ടില്‍ രാത്രി 10.05 ന് കോഴിക്കോട് തിരിച്ച് എത്തും. ഈ രിതീയിലാണ് ബസ്സിന്റെ ക്രമീകരണം.
1,171 രൂപയാണ് ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് അടിസ്ഥാന ടിക്കറ്റ് നിരക്ക്. 5% ജിഎസ്ടി, റിസർവേഷൻ നിരക്ക്, പേയ്മെന്റ് ഗേറ്റ്‌വേ ഉൾപ്പെടെ 1,256 രൂപ ഒരു യാത്രയ്ക്ക് നൽകണം. നവകേരള ബസ്സ് നിരത്തിലിറക്കിയാൽ ലാഭമാകുമോ എന്ന സംശയം കെഎസ്ആർടിസിയ്ക്ക് ഉണ്ടായിരുന്നു. കന്നി സർവീസിലെ ടിക്കറ്റെല്ലാം വിറ്റ് തീർന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്കുള്ള ആദ്യ സർവീസിലെ മുഴുവൻ ടിക്കറ്റുകളും ഇതിനകം വിറ്റുതീർന്നു. ബെംഗളൂരുവിൽ നിന്നുള്ള മടക്ക സർവീസിൽ ടിക്കറ്റുകൾ ബാക്കിയുണ്ട്. നിങ്ങൾക്ക് കോഴിക്കോട് – ബെംഗളുരു റൂട്ടിൽ യാത്രചെയ്യേണ്ട ആവശ്യം വന്നാൽ നവകേരള ബസ്സ് തെരഞ്ഞെടുക്കാവുന്നതാണ്, ടിക്കറ്റ് വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പ് വഴിയും ബുക്ക് ചെയ്യാം.
ടിക്കറ്റ് ബുക്കിങ്ങിന് വെബ്സൈറ്റ്: onlineksrtcswift.com മൊബൈൽ ആപ്: Ente KSRTC Neo-oprs