മുംബൈയിൽ പങ്കാളിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ 56 കാരൻ അറസ്റ്റിൽ. മുംബൈയിലെ മിരാ റോഡിലെ അപ്പാർട്ട്മെന്റിലാണ് സംഭവം.
കഴിഞ്ഞ മൂന്ന് വർഷമായി പ്രതി മനോജ് സഹാനിയും പങ്കാളി സരസ്വതി വൈദ്യയും (36) ഗീതാ നഗർ ഫേസ് ഏഴിലെ, ഗീതാ ആകാശ് ദീപ് ബിൽഡിങ്ങിലെ 704ആം നമ്പർ ഫ്ളാറ്റിൽ താസിച്ചു വരികയായിരുന്നു. ഫ്ളാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പ്രദേശവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. ബോരിവാലിയിൽ ഒരു കട നടത്തുകയാണ് മനോജ്. ഇയാൾ പങ്കാളിയുടെ മൃതദേഹം മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് കഷ്ണങ്ങളാക്കിയെന്നും ശരീരഭാഗങ്ങൾ കുക്കറിൽ പാകം ചെയ്തതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ബുധനാഴ്ച വൈകിട്ടോടെയാണ് ദമ്പതികളുടെ ഫ്ളാറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നെന്ന പരാതിയുമായി താമസക്കാർ നയനഗർ പോലീസ് സ്റ്റേഷനിലേക്ക് വിവരം അറിയിച്ചത്. സംഭവസ്ഥലത്തെത്തിയ സംഘം നിരവധി കഷണങ്ങളാക്കിയ സ്ത്രീയുടെ ജീർണിച്ച മൃതദേഹം കണ്ടെത്തി. അഴുകിയ ശരീരഭാഗങ്ങൾ കൊലപാതകം മൂന്നോ നാലോ ദിവസം മുമ്പ് നടന്നതാകാമെന്ന സൂചനയാണ് നൽകുന്നത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.