ഓരോ ദിവസങ്ങൾ കഴിയുംതോറും ജീവിത ചെലവുകൾ വർധിക്കുകയാണ്. ജോലിക്കായി മറ്റ് രാജ്യങ്ങളിലേയ്ക്ക് പോകുന്നവരെയാണ് ഇത് കൂടുതലായും ബാധിക്കുന്നത്. ചെലവിനനുസരിച്ച് ശമ്പളം ലഭിക്കാത്ത അവസ്ഥയിലാണ് പലരും. ഇത്തരത്തിൽ ജീവിത ചെലവ് താങ്ങാൻ പറ്റാത്ത നഗരങ്ങളുടെ പട്ടികയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതിൽ മുൻപന്തിയിൽ സ്ഥാനമുറപ്പിച്ചിരിക്കുകയാണ് എല്ലാവരുടെയും സ്വപ്ന നഗരമായ ദുബായ്.
ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ ദുബായ് 15-ാം സ്ഥാനത്താണ്. ഹ്യൂമൻ ക്യാപിറ്റൽ കൺസൽട്ടൻസിയായ മെർസർ തയ്യാറാക്കിയ റിപ്പോർട്ടുപ്രകാരം ദുബായിൽ പ്രവാസികൾ കൂടുതൽ തുക ചെലവിടുന്നത് വാടകയിനത്തിലാണ്. 2023-24 വർഷം പ്രധാന നഗരങ്ങളിൽ വാടകയിൽ 21 ശതമാനം വരെ വർധനയുണ്ടായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. കോവിഡിന് ശേഷം ജുമൈര ദ്വീപ്, പാം ജുമൈര, ദുബായ് സ്പോർട്‌സ് സിറ്റി, ദുബായ് ഹിൽസ് എസ്റ്റേറ്റ്, ദമാക് ഹിൽസ് തുടങ്ങിയ മേഖലകളിൽ വലിയ വർധനയാണ് വാടകയിലുണ്ടായത്.
അഞ്ച് ഭൂഖണ്ഡങ്ങളിലായി 226 നഗരങ്ങളിലാണ് മെർസർ സർവേ നടത്തിയത്. ആഗോളതലത്തിൽ ഈ വർഷത്തെ റാങ്കിങ്ങിൽ ഒന്നാമതെത്തിയിരിക്കുന്നത് ഹോങ്കോങ്ങാണ്. സിങ്കപ്പൂർ രണ്ടാം സ്ഥാനത്തുമുണ്ട്. പട്ടികയിൽ അബുദാബി (43), റിയാദ് (90), ജിദ്ദ (97), അമ്മാൻ (108), മനാമ (110), കുവൈത്ത് സിറ്റി (119) ദോഹ (121), മസ്കറ്റ് (122) എന്നിവയാണ് മധ്യപൂർവ ദേശങ്ങളിൽ തൊട്ടുപിന്നിലുള്ള നഗരങ്ങൾ. പാർപ്പിടം, ഗതാഗതം, ഭക്ഷണം, വസ്ത്രം, വീട്ടുപകരണങ്ങൾ, വിനോദം എന്നിങ്ങനെ 200-ലേറെ ഇനങ്ങളുടെ ചെലവുകൾ വിലയിരുത്തിയാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. അതേസമയം, ഇന്ത്യയിൽ മുംബൈയാണ് ഏറ്റവും ചെലവ് കൂടിയ നഗരം. ഏഷ്യയിൽ 21-ാം സ്ഥാനത്താണ് മുംബൈ.