സംസ്ഥാനത്ത് കാലാവർഷമെത്തി. ജൂൺ മൂന്ന് വരെ വ്യാപക മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 14 ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ്.
കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. പടിഞ്ഞാറൻ പ്രദേശങ്ങളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. അടുത്ത ഒരാഴ്ച ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പിൻറെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. ജൂൺ 1 ന് എത്തേണ്ട കാലവർഷം ഇത്തവണ രണ്ട് ദിവസം മുമ്പ് എത്തിച്ചേർന്നു. സംസ്ഥാനത്ത് വെളളിയാഴ്ചയോ വ്യാഴാഴ്ചയോ കാലവർഷം എത്തുമെന്നായിരുന്നു പ്രവചനം.
ജൂൺ അഞ്ചോടെ കൂടുതൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് മൺസൂൻ വ്യാപിക്കുമെന്നുമാണ് റിപ്പോർട്ട്. റിമാൽ ചുഴലിക്കാറ്റിന്റെ സ്വാധീനം ബംഗാൾ ഉൾക്കടലിൽ മൺസൂൺ ശക്തി പ്രാപിച്ചതിന് കാരണമായി. കഴിഞ്ഞ രണ്ട് ദിവസമായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴയാണ് പെയ്തത്. കൂടാതെ, കഴിഞ്ഞ രണ്ട് ദിവസങ്ങമായി കേരളത്തിലും മൺസൂൺ ആരംഭിക്കുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ച് ശക്തമായ മഴ പെയ്തതായും എഎംഡി ഡയറക്ടർ ജനറൽ എം മൊഹപത്ര പറഞ്ഞു.