ഒരാഴ്ച നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ ഷാർജയിൽ നിന്ന് കാണാതായ 17-കാരനെ കണ്ടെത്തി. പാക്കിസ്ഥാൻ സ്വദേശിയായ മുഹമ്മദ് അബ്ദുള്ളയെയാണ് ഷാർജ പൊലീസിന്റെ പരിശ്രമത്തിന്റെ ഫലമായി സുരക്ഷിതനായി കണ്ടെത്തിയത്. ഏപ്രിൽ 14-നാണ് അബ്ദുള്ളയെ കാണാതാകുന്നത്. മകനെ കണ്ടെത്താൻ സഹായിച്ച എല്ലാവരോടും അബ്ദുള്ളയുടെ രക്ഷിതാക്കൾ നന്ദി പറഞ്ഞു.
ഫർണിച്ചറിന്റെ അറ്റകുറ്റപ്പണികൾക്കായി സമീപത്തെ ഫർണിച്ചർ മാർക്കറ്റിൽ നിന്ന് മരപ്പണിക്കാരനെ കൊണ്ടുവരുന്നതിനായി വൈകിട്ട് 4.15ഓടെയാണ് അബ്ദുള്ള അബു ഷഗരയിലെ വീട്ടിൽ നിന്നിറങ്ങിയത്. അതിവേഗം മടങ്ങിവരുമെന്നതിനാൽ ഫോണോ പോഴ്സോ കയ്യിൽ കരുതിയിരുന്നുമില്ല. എന്നാൽ വളരെ നേരം കഴിഞ്ഞും അബ്ദുള്ളയെ കാണാതായതോടെ കുടുംബം തിരച്ചിലും ആരംഭിച്ചു.
നീണ്ട നേരത്തെ തിരച്ചിലിനൊടുവിലും അബ്ദുള്ളയെ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ യൂസ്ഡ് കാർ ബിസിനസ് നടത്തുന്ന അബ്ദുല്ലയുടെ പിതാവ് മുഹമ്മദ് അലി ഷാർജ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതോടെ പൊലീസും ശക്തമായ അന്വേഷണം ആരംഭിച്ചു. എന്നാൽ എമിറേറ്റിലുണ്ടായ അതിശക്തമായ മഴയും വെള്ളപ്പൊക്കവും കാരണം തിരച്ചിൽ വളരെ ശ്രമകരവുമായി. എങ്കിലും പ്രതീക്ഷയോടെ പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് അബ്ദുള്ളയെ സുരക്ഷിതനായി കണ്ടെത്തിയത്. കഴിഞ്ഞ 26 വർഷമായി യുഎഇയിൽ താമസിക്കുകയാണ് അബ്ദുള്ളയുടെ കുടുംബം.