മധ്യപ്രദേശിൽ ആദിവാസി യുവാവിന്റെ ദേഹത്തു മൂത്രമൊഴിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നിലത്തിരിക്കുന്ന യുവാവിന്റെ ദേഹത്തേക്കു സിഗരറ്റുവലിച്ചുകൊണ്ട് പ്രവേഷ് ശുക്ല എന്നയുവാവ് മൂത്രമൊഴിക്കുന്ന വിഡിയോ വൈറലായിരുന്നു. പിന്നാലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ കേസെടുക്കാൻ നിർദേശം നൽകുകയായിരുന്നു.ഇന്നലെ രാത്രി രണ്ടുമണിക്കാണു പ്രവേഷ് ശുക്ല പിടിയിലായത്.
36 കാരനായ ദസ്മത് രാവത്തിനു നേരെയാണു ശുക്ല അതിക്രമം നടത്തിയത്. എന്നാൽ ചോദ്യംചെയ്യലിനായി ഹാജരാക്കിയ രാവത്ത് വിഡിയോ വ്യാജമാണെന്നായിരുന്നു പറഞ്ഞത്. വിഡിയോ വ്യാജമാണെന്നും ശുക്ലയെ പെടുത്താക്കാനായി ആരോ ചെയ്തതാണെന്നുമായിരുന്നു രാവത്തിന്റെ വാദം. ദേശീയ സുരക്ഷാ ആക്ട്, എസ്സി,എസ്‍ടി ആക്ട്, മറ്റു വകുപ്പുകളും ചുമത്തിയാണു കേസെടുത്തിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ശുക്ലയുടെ ഭാര്യയെയും മാതാപിതാക്കളെയും ചോദ്യംചെയ്തു.
എന്നാൽ രാവത്തിന്റെ മൊഴി ഭീഷണിപ്പെടുത്തി നിർമിച്ചതാണെന്നാണു സൂചന. ബിജെപി എംഎൽഎമാരായ കേദാർദാഥ് ശുക്ല, രാജേന്ദ്ര ശുക്ല തുടങ്ങിയവർക്കൊപ്പമുള്ള പ്രതിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതേസമയം പ്രതി പ്രവേശ് ശുക്ല ബിജെപി നേതാവാണെന്നും സംഭവം മധ്യപ്രദേശിന് അപമാനമെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.