അബുദാബിയിൽ പുതിയ പരിസ്ഥിതി സൗഹൃദ മസ്ജിദ് തുറന്നു. സമൂഹത്തിനും പരിസ്ഥിതിക്കും പ്രാധാന്യം നൽകിയുള്ളതാണ് മസ്ജിദിന്റെ നിർമ്മാണം. മസ്ദാർ പാർക്കിൽ ‘എസ്തിദാമ’ എന്ന പേരിലാണ് പുതിയപള്ളി തുറന്നത്.
500 ചതുരശ്രമീറ്ററിൽ താഴികക്കുടത്തിന്റെ ഘടനയിലാണ് പള്ളിയുടെ നിർമാണം. പരമ്പരാഗത പള്ളികളെ അപേക്ഷിച്ച് 50 ശതമാനം ഊർജവും 48 ശതമാനം വെള്ളവും ലാഭിക്കാൻ പുതിയ ഘടനയ്ക്ക് സാധിക്കും. കെട്ടിടത്തിന്റെ ഊർജ ആവശ്യകതകൾ നേരിടാനായി സമീപത്തെ കാർ പാർക്കിംഗ് പ്രദേശത്ത് സോളാർ ഫോട്ടോവോൾട്ടായനിക് പാനലുകളും സ്ഥാപിച്ചിട്ടുണ്ട്.
മസ്ജിദിന് ചുറ്റുമുള്ള പൂന്തോട്ടത്തിലെ ചെടികളുടെ ജലസേചനത്തിനായി ജലശുദ്ധീകരണ യൂണിറ്റും നൽകിയിട്ടുണ്ട്. അബുദാബിയിലെ ആദ്യത്തെ LEED പ്ലാറ്റിനം മസ്ജിദാണ് ‘എസ്തിദാമ’. യുഎസ് ഗ്രീൻ ബിൽഡിംഗ്സ് കൗൺസിൽ നൽകുന്ന ഗ്രീൻ കെട്ടിടങ്ങൾക്കായുള്ള ഏറ്റവും ഉയർന്ന അന്താരാഷ്ട്ര നിലവാരമാണ് LEED പ്ലാറ്റിനം. യുഎഇയുടെ ഭൗതിക പരിസ്ഥിതിക്ക് വേണ്ടി രൂപകൽപ്പന ചെയ്തതും ജലസംരക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായ യുഎഇയുടെ എസ്റ്റിഡാമ പേൾ റേറ്റിംഗ് സിസ്റ്റം നൽകുന്ന റേറ്റിംഗാണ് എസ്റ്റിഡാമ 3-പേൾ.