ജമ്മു കശ്മീർ സംവരണ ഭേദഗതി ബില്ലും പുന:സംഘടനാ ഭേദഗതി ബില്ലും ലോകസഭ പാസ്സാക്കി. എന്നാൽ ബിൽ അവതരണത്തിനിടെ അമിത്ഷാ നെഹ്റുവിനെതിരെ നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിലെ സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനങ്ങളിലുമുള്ള സംവരണം നിശ്ചയിക്കുന്ന ബില്ലാണ് സംവരണ ഭേദഗതി ബിൽ. അതേസമയം 2019ലെ ജമ്മു കശ്മീർ പുന:സംഘടനാ നിയമത്തെ ഭേദഗതി ചെയ്തുകൊണ്ടാണ് രണ്ടാമത്തെ ബിൽ പാസ്സാക്കിയത്. ജമ്മു കശ്മീർ അസംബ്ലിയിലെ ആകെ സീറ്റുകളുടെ എണ്ണം 83ൽ നിന്ന് 90 ആക്കി വർധിപ്പിച്ചതാണ് മറ്റൊരു പ്രധാന മാറ്റം.
പാക് അധീന കശ്മീര്‍ നെഹ്റുവിന്റെ അബദ്ധമാണെന്നും അമിത് ഷാ വിമര്‍ശിച്ചു. നെഹ്റുവിന്‍റെ കാലത്ത് ജമ്മു കശ്മീരില്‍ സംഭവിച്ചത് മുഴുവനും അബദ്ധങ്ങളാണ്. മാത്രമല്ല, അനുച്ഛേദം 370 നീക്കിയതോടെ ജമ്മു കശ്മീർ സുരക്ഷിതമായെന്നും ഷാ കൂട്ടിച്ചേർത്തു. പാക് അധീന കശ്മീരിൽ നിന്ന് എത്തുന്നവർക്ക് ജമ്മു കശ്മീർ നിയമസഭയിൽ ഒരു സീറ്റ് നീക്കിവെക്കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.
ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവി എടുത്തുകളഞ്ഞതിന് എതിരായ ഹർജികളിൽ സുപ്രീംകോടതിയിൽ നിന്നുള്ള വിധി കാത്തിരിക്കുന്ന സാഹചര്യത്തിൽ പുന:സംഘടനാ ഭേദഗതി കൊണ്ടുവന്നതിൽ പ്രതിപക്ഷം പ്രതിഷേധമറിയിച്ചു. പ്രത്യേക പദവി ഒഴിവാക്കി നാല് വർഷം പിന്നിട്ടിട്ടും തെരഞ്ഞെടുപ്പ് നടത്താത്തതും പ്രതിപക്ഷം ചോദ്യം ചെയ്തു.