യുഎസ് പ്രതിനിധി സംഘത്തിന് കുവൈറ്റില്‍ ഊഷ്മള സ്വീകരണം. ഹൗസ് കമ്മിറ്റി ഓഫ് ഫോറിൻ അഫയേഴ്‌സ്, ഹൗസ് ഹോംലാൻഡ് സെക്യൂരിറ്റി കമ്മിറ്റി എന്നിവയിൽ നിന്നുള്ള യുഎസ് പ്രതിനിധികളാണ് സംഘത്തിലുളളത്. ആഗോള തീവ്രവാദ വിരുദ്ധത സംബന്ധിച്ച വിദേശകാര്യ ഉപസമിതിയുടെ ചെയർമാനും കോൺഗ്രസുകാരനുമായ ഡേവിഡ് എൻ. സിസിലിന്‍റെ നേതൃത്വത്തിലാണ് സംഘത്തിന്റെ കുവൈറ്റ് സന്ദര്‍ശനം.
കുവൈറ്റ് വിദേശകാര്യ മന്ത്രി ഷെയ്ഖ് സലേം അബ്ദുല്ല അൽ-ജാബർ അൽ-സബാഹ് സംഘവുമായി കൂടിക്കാഴ്ച നടത്തി. ഊർജ്ജ മേഖലയിൽ ഉൾപ്പടെ സംയുക്ത നിക്ഷേപത്തിനുള്ള സാധ്യതകൾ പര്യവേക്ഷണം ചെയ്യേണ്ടതിന്റെ പ്രാധാന്യം സംഘം ചര്‍ച്ച ചെയ്തു. കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടെ ശക്തമായി വളർന്ന ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധവും സഹകരണവും യോഗം അവലോകനം ചെയ്തു.
സാമ്പത്തിക, സാംസ്കാരിക, വിദ്യാഭ്യാസ, സുരക്ഷാ മേഖലകളിലുളള പരസ്പര സഹകരണത്തിന് ഷെയ്ഖ് സേലം നന്ദി പ്രകാശിപ്പിച്ചു. നയതന്ത്ര ഏകോപനം പ്രോത്സാഹിപ്പിക്കുന്നതിനും തീവ്രവാദ-ഭീകരവാദ വിരുദ്ധ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനും ഇരു രാജ്യങ്ങളുടേയും സഹകരണം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാദേശിക സുരക്ഷയും സുസ്ഥിരതയും പുനഃസ്ഥാപിക്കുന്നതിന് സമീപ വർഷങ്ങളിൽ കുവൈത്ത് നടത്തുന്ന മാനുഷികവും നയതന്ത്രപരവുമായ ശ്രമങ്ങ യുഎസ് സംഘവും പ്രശംസിച്ചു.