മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ച് കുവൈറ്റ്. അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനോ പിഴ അടച്ച് താമസം നിയമവിധേയമാക്കാനോ അവസരമൊരുക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. മാർച്ച് 17 മുതൽ ജൂൺ 17 വരെയാണ് പൊതുമാപ്പ്. നിയമലംഘകർ പൊതുമാപ്പ് നിശ്ചിത കാലയളവിനകം പ്രയോജനപ്പെടുത്തി രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു.
അതേസമയം പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യം വിടുന്നവർക്ക് പുതിയ വീസയിൽ രാജ്യത്തേക്കു വരാനും അനുമതി നൽകിയിട്ടുണ്ട്. കുവൈറ്റിൽ ഇന്ത്യക്കാർ ഉൾപ്പെടെ 1.3 ലക്ഷം അനധികൃത താമസക്കാർ ഉണ്ടെന്നാണ് കണക്ക്. ഇത്തരത്തിൽ വർഷങ്ങളായി നിയമലംഘകരായി കഴിയുന്ന മലയാളികൾ ഉൾപ്പെടെ ഒട്ടേറെ വിദേശികൾക്ക് പൊതുമാപ്പ് തീരുമാനം ആശ്വാസമാകും.
താമസം നിയമവിധേയമാക്കി കുവൈറ്റിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് നിയമലംഘനത്തിന്റെ കാലയളവ് അനുസരിച്ച് പരമാവധി 600 ദിനാർ പിഴ അടയ്ക്കേണ്ടതായി വരും. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് യാത്രാ വിലക്കു നേരിടുന്നവർക്ക് കേസിൽ തീർപ്പുണ്ടായാൽ മാത്രമേ പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ സാധിക്കുകയുള്ളു. ഇതിന് താമസ കുടിയേറ്റ വിഭാഗത്തിൽനിന്ന് പ്രത്യക അനുമതി നേടുകയും ചെയ്യണം.
എന്നാൽ, പൊതുമാപ്പ് പ്രയോജനപ്പെടുത്താതെ രാജ്യത്ത് തുടരുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്. വൻതുക പിഴയ്ക്കു പുറമെ ആജീവനാന്ത വിലക്കേർപ്പെടുത്തി നാടുകടത്തുനാണ് പുതിയ തീരുമാനം. 2020 ഏപ്രിലിലാണ് ഏറ്റവും ഒടുവിൽ പൊതുമാപ്പ് അനുവദിച്ചിട്ടുള്ളത്.