തൊഴിലുടമകളുമായി നിയമപരമായ തർക്കം നിലനിൽക്കുന്ന പ്രവാസികള്‍ക്ക് അഭയകേന്ദ്രം സ്ഥാപിക്കുമെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിൻ്റെ അറിയിപ്പ്. നിലവിലുളള വനിതാ അഭയകേന്ദ്രത്തിൻ്റെ മാതൃകയില്‍ പ്രവാസികളായ പുരുഷന്‍മാരെ താമസിപ്പിക്കുന്നതിനാണ് അഭയകേന്ദ്രം ആരംഭിക്കുന്നതെന്നും അധികൃതർ അറിയിച്ചു. ലോക മാനുഷിക ദിനത്തോട് അനുബന്ധിച്ചാണ് പ്രവാസി തൊഴിലാളി സംരക്ഷണ ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. ഫഹദ് അല്‍ മുറാദ് തീരുമാനം പ്രഖ്യാപിച്ചത്.
തൊഴിലുടമയും തൊഴിലാളിയും തമ്മിൽ നിമയനടപടികൾ ഉണ്ടാകുമ്പോഴാണ് താമസം സംബന്ധിച്ച പ്രശ്നങ്ങൾ ഉദിക്കുന്നത്. കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള താമസസ്ഥലത്ത് തുടരാൻ തൊഴിലാളിക്ക് സാധിച്ചെന്ന് വരില്ല. ഇങ്ങനെ പുറത്താകുന്നവർക്ക് താത്കാലികമായി ഒരുക്കുന്നതാണ് അഭയ കേന്ദ്രങ്ങൾ.
സ്‌പോണ്‍സര്‍മാർ കയ്യൊഴിഞ്ഞ പ്രവാസിവനിതകൾക്കായി നിലവില്‍ നല്‍കുന്ന അഭയകേന്ദ്രമുണ്ട്. ഇതിനാ സമാനമായാണ് പുരുഷൻമാർക്കും അഭയകേന്ദ്രം സ്ഥാപിക്കുക. താമസക്കാര്‍ക്ക് മാനസികവും സാമൂഹികവും നിയമപരവും ആരോഗ്യപരവുമായ സേവനങ്ങളും വാഗ്ദാനം ചെയ്യുമെന്ന് അധികൃതർ വിശദമാക്കി.
2014 മുതലാണ് വനിതകൾക്ക് അഭയകേന്ദ്രം ആരംഭിച്ചത്. ഇതിനകം 13,000ത്തിലധികം സ്ത്രീ തൊഴിലാളികള്‍ക്ക് പ്രയോജനം ലഭ്യമായി. ഈ വര്‍ഷം 960 സ്ത്രീ തൊഴിലാളികളും അമ്മമാര്‍ക്കൊപ്പമുള്ള എട്ട് കുട്ടികളും അഭയകേന്ദ്രത്തിലെത്തി. പുതിയ ജോലി ലഭ്യമായില്ലെങ്കിൽ നിയമങ്ങൾക്ക് അനുസൃതമായി നാട്ടിലെത്തുംവരെ അഭയ കേന്ദ്രത്തിൽ കഴിയാനാകും.