ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഇനി മല്ലികാർജുൻ ഖാർഗെ നയിക്കും. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു നടന്ന തിരഞ്ഞെടുപ്പിൽ 7897 വോട്ടുകൾ നേടിയാണ് ഖാർഗെയുടെ വിജയം. എതിർ സ്ഥാനാർഥിയായ ശശി തരൂരിന് 1072 വോട്ട് നേടാനായി. കർണാടകയിൽ നിന്നുള്ള ദലിത് നേതാവാണ് മല്ലികാർജുൻ ഖാർഗെ. രണ്ടര പതിറ്റാണ്ട് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നെഹ്റു കുടുംബാംഗമല്ലാത്തൊരാൾ കോൺഗ്രസ് അധ്യക്ഷപദവിയിലേക്ക് എത്തുന്നത്.
ഗാന്ധി കുടുംബത്തിൻ്റെയും ഹൈക്കൻഡിൻ്റെയും പിന്തുണയുള്ളതിനാൽ ഖാർഗെയുടെ വിജയം നിശംശയമായിരുന്നു. എന്നാൽ ശശി തരൂർ മുന്നോട്ട് വെച്ച ആശയം എത്ര വോട്ടു നേടുമെന്നത് ഒരു ആകാംക്ഷ തന്നെയായിരുന്നു. ആയിരത്തിലധികം വോട്ടു നേടിയതോടെ, താരമായിരിക്കുകയാണ് തീർത്തും ഒറ്റയ്ക്ക് മത്സരിച്ച ശശി തരൂർ.
കോൺഗ്രസിലെ തലമുതിർന്ന നേതാവായ 80 വയസുള്ള മല്ലികാർജുൻ ഖാർഗെയുടെ വിജയം സംഘടനാ രംഗത്തെ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തിൻ്റേത് കൂടിയാണ്. സംസ്ഥാന നേതാക്കളുമായുള്ള ഉറച്ച ബന്ധവും, ദലിത് പശ്ചാത്തലവുമെല്ലാമാണ് ഖാർഗെയെ തുണച്ചത്.