സംസ്ഥാനത്തെ ക്രൈസ്തവ വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ പഠിക്കാൻ സർക്കാർ നിയമിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. ന്യൂനപക്ഷ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ വിവേചനമുണ്ടെന്ന ക്രൈസ്തവ സഭകളുടെ പരാതിയെ തുടർന്നായിരുന്നു രണ്ടര വർഷം മുമ്പ് ജസ്റ്റിസ് ജെ ബി കോശി കമ്മീഷനെ നിയമിച്ചത്. മദ്രസാ അധ്യാപകരുടേതുപോലെ സൺഡേ സ്‌കൂൾ അധ്യാപകർക്കും ക്ഷേമനിധി ബോർഡ് രൂപീകരിക്കണമെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു.
ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ 500 ശിപാർശകൾ ഉൾപ്പെടുത്തി രണ്ടുഭാഗങ്ങളിലായി തയ്യാറാക്കിയ റിപ്പോർട്ടാണ് ബുധനാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചത്. ഈ മാസം 31ന് കമ്മീഷന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്.
പട്ടികജാതി വിഭാഗത്തിൽ നിന്ന് ക്രിസ്തുമതം സ്വീകരിച്ചവരും തീരദേശവാസികളുമാണ് ഏറ്റവും പിന്നാക്കം നിൽക്കുന്നതെന്നും ഇത് പരിഹരിക്കാൻ പ്രത്യേകം കമ്മീഷൻ വേണമെന്നും വ്യക്തമാക്കുന്നു. അഞ്ച് ലക്ഷത്തോളം പരാതികളാണ് കമ്മീഷന് കിട്ടിയത്. ജസ്റ്റിസ് ജെ ബി കോശിക്കൊപ്പം മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ഡോ. ജേക്കബ്ബ് പുന്നൂസ്, ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് എന്നിവർ കമ്മീഷൻ അംഗങ്ങളായിരുന്നു.