മുൻ ലോകകപ്പ് ചാമ്പ്യന്മാരായ സ്പെയിനെതിരെ വമ്പൻ അട്ടിമറി നടത്തി ഏഷ്യൻ ടീമായ ജപ്പാൻ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ഒന്നിനെതിരെ രണ്ട് ഗോളിൻ്റെ ജയവുമായാണ് ഗ്രൂപ്പ് ഇയിൽ ഒന്നാമതായ ജപ്പാൻ പ്രീക്വാർട്ടർ ഉറപ്പിച്ചത്. തോൽവി വഴങ്ങിയെങ്കിലും പോയിൻ്റ് പട്ടികയിൽ രണ്ടാമതുള്ള സ്പെയിനും പ്രീക്വാർട്ടറിലെത്തി.
റിറ്റ്സു ഡൊവാൻ (48–ാം മിനിറ്റ്), ആവോ ടനാക (52–ാം മിനിറ്റ്) എന്നിവരുടെ ഗോളുകളാണ് ജപ്പാനെ ഒന്നാമതെത്തിച്ചത്. സ്പെയിനായി ആദ്യപകുതിയിൽ അൽവാരോ മൊറാട്ട (11–ാം മിനിറ്റ്) ഗോൾ നേടി. ഡിസംബർ അഞ്ചിന് അൽ ജനൗബ് സ്റ്റേഡിയത്തിലാണ് പ്രീക്വാർട്ടറിൽ ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയുമായി ജപ്പാൻ്റെ പോരാട്ടം.
ഗ്രൂപ്പ് ഇയിലെ മറ്റൊരു മത്സരത്തിൽ കോസ്റ്ററിക്കയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ജർമ്മനി പരാജയപ്പെടുത്തി. മത്സരത്തിൽ ജയിച്ചെങ്കിലും ജര്‍മനിക്ക് പ്രീ ക്വാര്‍ട്ടർ യോഗ്യത ലഭിച്ചില്ല. ജർമ്മനിയും കോസ്റ്ററിക്കയും ലോകകപ്പിൽ നിന്ന് പുറത്തായി. പ്രീക്വാര്‍ട്ടര്‍ കാണാതെ ജർമ്മനി പുറത്താവുന്നത് തുടര്‍ച്ചയായ രണ്ടാം തവണയാണ്.