ഇന്ന് ലോക നഴ്സസ് ദിനം. ആരോഗ്യ മേഖലയിൽ നഴ്സുമാർ വഹിക്കുന്ന നിർണായക പങ്കിനെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലായാണ് ഈ ദിനം ആചരിക്കുന്നത്. വിളക്കേന്തിയ വനിത എന്ന പേരിൽ അറിയപ്പെടുന്ന ഫ്ളോറൻസ് നൈറ്റിങ്ഗേലിന്റെ ജന്മദിനമാണ് നഴ്സസ് ദിനമായി ആചരിക്കുന്നത്. 1820 മെയ് 12 ന് ജനിച്ച നൈറ്റിങ്ഗേലിന്റെ 203-ാം ജന്മദിന വാർഷികമാണ് ഇത്.
“നമ്മുടെ നഴ്സുമാർ നമ്മുടെ ഭാവി” എന്നതാണ് ഈ വർഷത്തെ സന്ദേശം. ആരോഗ്യരംഗത്ത് നഴ്സുമാരുടെ സേവനം എത്ര വലുതാണെന്ന് വ്യക്തമാക്കുന്ന വാക്കുകളാണിത്. കേവലം ഒരു തൊഴിൽ എന്നതിനപ്പുറം നഴ്സിങ്ങിനെ ഒരു സേവനമായി മാറ്റിയ നൈറ്റിങ്ഗേലാണ് ആധുനിക ആതുരശുശ്രൂഷാരീതിയുടെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്. ഈ പ്രത്യേക ദിനത്തിൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ നഴ്സുമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും നന്ദിയും അഭിനന്ദനവുമറിയിക്കാനുള്ള ദിനം കൂടിയാണിത്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആരോഗ്യമേഖലയിലിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ തൊഴിൽ വിഭാഗമാണ് നഴ്സുമാർ. സ്വന്തം ആരോഗ്യം പോലും വകവെക്കാതെയാണ് പലപ്പോഴും ഇവർ പ്രവർത്തിക്കുന്നത്. കോവിഡ് കാലം അത് വ്യക്തമാക്കുന്നുമുണ്ട്. സുരക്ഷാമുൻകരുതലുകൾ ഉണ്ടെങ്കിൽപോലും കോവിഡ് അതിതീവ്രമായി മാറിയ കാലഘട്ടത്തിൽ പോലും മാറിനിൽക്കാതെ സമൂഹത്തിന് വേണ്ടി പ്രവർത്തിക്കാൻ തയ്യാറായ നഴ്സുമാർ തന്നെയാണ് യഥാർത്ഥത്തിൽ ഭൂമിയിലെ മാലാഖമാർ.