ഇലന്തൂരിലെ നരബലിയുടെ വിശദാംശങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് കോടതിയിൽ ഹാജരാക്കിയ പ്രതികൾക്കായി അഡ്വ.ബി എ ആളൂർ ഹാജരായിരുന്നു. ചോദ്യം ചെയ്യലി ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. നരബലിക്ക് നടത്തിയശേഷം പ്രതികൾ ശരീരഭാഗങ്ങൾ പാകം ചെയ്ത് കഴിച്ചതായി പൊലീസ് പറയുന്നു. നരബലിയുടെ ലക്ഷ്യം പൂർത്തിയാക്കാൻ ഇരകളുടെ ശരീരഭാഗങ്ങൾ ഭക്ഷിക്കണമെന്നാണ് ഷാഫി ഭഗവൽ സിംഗിനേയും ഭാര്യ ലൈലയേയും വിശ്വസിപ്പിച്ചിരുന്നത്. ലൈല നേരിട്ടാണ് ശരീരഭാഗങ്ങൾ പാകം ചെയ്തതെന്നും പൊലീസ് പറയുന്നു.
കൂടാതെ ഒന്നാം പ്രതി ഷാഫിയും മൂന്നാം പ്രതി ലൈലയും ചേർന്ന് ലൈലയുടെ ഭർത്താവും കേസിലെ രണ്ടാം പ്രതിയുമായ ഭഗവലിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നുവെന്നും പൊലീസ് പറയുന്നു. പൊലീസിൻ്റെ ചോദ്യം ചെയ്യലിൽ ലൈലയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ആദ്യ കൊലപാതകത്തിന് ശേഷം തന്നെ ഭഗവൽ സിംഗ് കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നും രണ്ടാമത്തെ കൊല കൂടി നടന്ന ശേഷം ഭഗവൽ ഇക്കാര്യം ആരോടെങ്കിലും പങ്കുവയ്ക്കുമോയെന്നും ലൈലക്കും ഷാഫിക്കും പേടിയുണ്ടായിരുന്നു. ലൈലയും ഷാഫിയും ഭഗവലിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടുവരുന്ന സമയത്താണ് പൊലീസ് ലോട്ടറി കച്ചവടക്കാരിയായിരുന്ന പത്മയുടെ തിരോധനം അന്വേഷിക്കുകയും ഷാഫിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.
കേസിൽ മൂന്ന് പ്രതികളെയും ഈ മാസം 26 വരെ റിമാൻഡ് ചെയ്തു. ഷാഫിയും ഭഗവൽ സിംഗും ജില്ലാ ജയിലിലാണ്. മൂന്നാം പ്രതി ലൈലയെ വനിതാ ജയിലിലേക്ക് മാറ്റും. പ്രതികൾ തുടർന്നും കുറ്റകൃത്യം ചെയ്യാൻ സാധ്യതയുണ്ടെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. നരബലി കൂടാതെ പ്രതികൾക്ക് മറ്റേതെങ്കിലും ഉദ്ദേശമുണ്ടോയെന്നും അന്വേഷിക്കും.