യുഎഇയിൽ ശക്തമായ മഴ പെയ്തതിന് പിന്നാലെ പകർച്ചവ്യാധികൾ പെരുകുകയാണ്. കൊതുകുകൾ പരത്തുന്ന ജലജന്യ രോഗങ്ങൾ വർധിക്കുന്നതിനാൽ നിരവധി പേരാണ് ദിവസേന ആശുപത്രികളിൽ ചികിത്സയ്ക്കായി എത്തുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പനി, ജലദോഷം, ടൈഫോയ്ഡ്, ഡെങ്കിപ്പനി, ശ്വാസകോശ സംബന്ധമായ അണുബാധകൾ, ചുമ, ചർമ്മ രോഗങ്ങൾ തുടങ്ങിയവയാൽ ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്.
ജലജന്യ രോഗങ്ങളാൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ 20 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി അൽ ഖുസൈസിലെ ആസ്റ്റർ ഹോസ്പിറ്റൽ അധികൃതർ വ്യക്തമാക്കി. കുട്ടികളിലും മുതിർന്നവരിലും രോഗബാധയുണ്ടെങ്കിലും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത ദുർബലമായ പ്രതിരോധശേഷിയുള്ളതിനാൽ കുട്ടികളിലാണ് കൂടുതലെന്നാണ് റിപ്പോർട്ട്.
അൽ ഐനിലെ എൻഎംസി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ഒരു ദിവസം ജനറൽ ഫിസിഷ്യൻമാരെ സന്ദർശിക്കുന്ന രോഗികളുടെ ശരാശരി എണ്ണം 40 ആയി വർധിച്ചു. മഴയ്ക്ക് മുമ്പ് ഇത് 25നും 30നും ഇടയിലായിരുന്നു. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ വരും ദിവസങ്ങളിലും കൂടുതൽ കൊതുകുജന്യ രോഗങ്ങളും ത്വക്ക് രോഗങ്ങളും പ്രതീക്ഷിക്കുന്നതായും അധികൃതർ വ്യക്തമാക്കി. അതിനാൽ കൊതുകിനെ അകറ്റുന്ന മരുന്നുകൾ താമസസ്ഥലങ്ങളിൽ ഉപയോഗിക്കണമെന്നും രാത്രിയിൽ കൊതുക് വലകൾ ഉൾപ്പെടെയുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.