ജാതിയും മതവും നോക്കാതെ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിച്ച് ലോകജനശ്രദ്ധ നേടുകയാണ് യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. അധികാരത്തിലെത്തി ഒരു വർഷത്തിനിടയിൽതന്നെ മാനുഷിക മൂല്യങ്ങൾക്ക് വില നൽകിയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ലോകം ചർച്ച ചെയ്യുകയാണ്. ലോക സമാധാനത്തിന് വളരെ പ്രാധാന്യം നൽകുന്ന അദ്ദേഹം അന്താരാഷ്‌ട്ര പ്രതിസന്ധികളിലും ദുരന്തങ്ങളിലും സഹായം ആവശ്യമുള്ള രാജ്യങ്ങളെയും സമൂഹങ്ങളെയും പിന്തുണയ്‌ക്കുന്നതിലൂടെ യുഎഇയുടെ പൈതൃകം കാത്തുസൂക്ഷിക്കുകയാണ്.
കഴിഞ്ഞ വർഷം പേമാരിയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിച്ച പാകിസ്ഥാനെ സഹായിച്ച ആദ്യ രാജ്യങ്ങളിൽ ഒന്നായിരുന്നു യുഎഇ. പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണസഹായം, പാർപ്പിടം, വൈദ്യസഹായം എന്നിവ നൽകുന്നതിൽ വിവിധ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനായി യുഎഇയിൽ നിന്നുള്ള ദുരിതാശ്വാസ ടീമുകളെയും അയച്ചിരുന്നു. കൂടാതെ പ്രളയബാധിതർക്ക് 25 മില്യൺ ദിർഹം അടിയന്തര സഹായം അനുവദിച്ചും ഉത്തരവിട്ടു.
ലൈബീരിയയിലെ ഗ്ബർപോളു കൗണ്ടിയിൽ എമിറേറ്റ്‌സ് ഹോസ്പിറ്റൽ സ്ഥാപിക്കാൻ യുഎഇ മുൻകൈ എടുക്കുകയും 125 കിടക്കകളുള്ള ആശുപത്രി എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി 80,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ആശുപത്രി നിർമ്മിക്കുകയും ചെയ്തിരുന്നു. ഓപ്പറേഷൻ തിയേറ്റർ, ആധുനിക ലബോറട്ടറി, തീവ്രപരിചരണ വിഭാഗം, വിവിധ പ്രത്യേക വിഭാഗങ്ങൾ എന്നിവ പ്രത്യേകമായി സജ്ജമാക്കി. കൂടാതെ കിഴക്കൻ ജറുസലേമിലെ അൽ മകാസെദ് ആശുപത്രിയുടെ മെഡിക്കൽ സപ്ലൈസ് സേവനങ്ങൾ വിപുലീകരിക്കുന്നതിനായി 25 മില്യൺ ഡോളറും വാഗ്ദാനം ചെയ്തിരുന്നു.
ഉക്രെയ്‌നിൽ പ്രതിസന്ധിയിലായ പൗരന്മാർക്ക് 100 മില്യൺ ഡോളറിന്റെ അധിക ദുരിതാശ്വാസ സഹായം നൽകാനും പ്രസിഡന്റ് ഉത്തരവിട്ടിരുന്നു. സംഘർഷസമയത്ത് സിറിയക്ക് $50 മില്യൺ അധിക സഹായത്തിന് അദ്ദേഹം നൽകിയിരുന്നു. ആവശ്യമായ ദുരിതാശ്വാസ സാമഗ്രികൾ, മെഡിക്കൽ ഉപകരണങ്ങൾ, അടിയന്തര സഹായങ്ങൾ എന്നിവക്ക് പുറമെ യുഎഇ ഒരു എയർ ബ്രിഡ്ജും സ്ഥാപിച്ചു. സുരക്ഷ, സുസ്ഥിരത, സമാധാനം എന്നിവ ലക്ഷ്യമിട്ടുള്ള എല്ലാ സംരംഭങ്ങൾക്കും ശ്രമങ്ങൾക്കും ഊന്നൽ നല്കിയുള്ള പ്രവർത്തനങ്ങളായിരുന്നു ഷെയ്ഖ് മുഹമ്മദിന്റേത്.