യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥയെക്കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ മഴയെത്തി. ദുബായിലെ വിവിധ ഭാഗങ്ങളിൽ രാവിലെ ശക്തമായ മഴയും ഇടിമിന്നലുമാണ് ഉണ്ടായത്. മേഘാവൃതമായ ആകാശമായതിനാൽ എപ്പോൾ വേണമെങ്കിലും മഴയെത്തുമെന്നതിനാൽ മുൻകരുതലുകൾ സ്വീകരിച്ചിരിക്കുകയാണ് നിവാസികൾ.
ദുബായിലെ അൽഖൂസ്, അൽ ഖൈൽ മേഖലകളിൽ രാവിലെ 6.45ന് മഴ പെയ്ത് തുടങ്ങി. ഇതിന് പുറമെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലും അനുഭവപ്പെട്ടിരുന്നു. കനത്ത മഴയിൽ അൽ ഗർഹൂദ് പാലത്തിന് സമീപം ഡ്രൈവർമാർക്ക് വാഹനമോടിക്കാൻ സാധിക്കാത്ത അവസ്ഥയുമുണ്ടായി. ഇവയുടെ ദൃശ്യങ്ങൾ സ്റ്റോം സെൻ്റർ എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കിട്ടിരുന്നു.
അസ്ഥിരമായ കാലാവസ്ഥയേത്തുടർന്ന് അബുദാബിയുടെ ചില ഭാഗങ്ങളിൽ താമസക്കാർക്ക് എൻഎംസി രാവിലെ മുതൽ ജാഗ്രതാ നിർദേശം നൽകിയിരുന്നു. തുടർന്ന് ഇത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുകയായിരുന്നു. ഇന്ന് രാജ്യത്തിൻ്റെ ആന്തരിക പ്രദേശങ്ങളിൽ താപനില 15 ഡിഗ്രി സെൽഷ്യസായി കുറയുകയും 37 ഡിഗ്രി സെൽഷ്യസിൽ എത്തുകയും ചെയ്യുമെന്നാണ് വിലയിരുത്തുന്നത്. അറേബ്യൻ ഗൾഫിൽ കടൽ നേരിയതോ ഒമാൻ കടലിൽ മിതമായ തോതിലോ കാറ്റ് വീശാൻ സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്.