ഈ വർഷത്തെ ഹജ്ജിനെത്തുന്ന തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിന് വേണ്ടി 60 രാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധികൾ 70 ഗതാഗത കമ്പനികളുമായി കരാറിൽ ഒപ്പുവച്ചു. മക്കയിലും മദീനയിലും മിന, അറഫ, മുസ്ദലിഫ എന്നീ പുണ്യസ്ഥലങ്ങൾക്കിടയിലും തീർഥാടകരുടെ യാത്ര എളുപ്പമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഈ വർഷത്തെ ഹജ്ജ് സീസണിലേക്കുള്ള ഗതാഗത കരാറുകളുടെ വലിയൊരു ശതമാനം ഇതിനോടകം തന്നെ പൂർത്തിയാക്കിയതായി ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ ഗതാഗത വിഭാഗമായ ജനറൽ ഓട്ടോമൊബൈൽ സിൻഡിക്കേറ്റിലെ കോർപറേറ്റ് കാര്യ വകുപ്പ് ഡയറക്ടർ അബ്ദുല്ല അൽ മിഹ്മാദി പറഞ്ഞു. അടുത്തിടെ ജിദ്ദയിൽ നടന്ന ഹജ്ജ്, ഉംറ സേവന സമ്മേളനത്തിനിടയിലാണ് ലോകത്തിലെ വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 60 രാജ്യങ്ങളുടെ പ്രതിനിധികളുമായി കരാറിലേർപ്പെട്ടതെന്ന് അൽമിഹ്മാദി പറഞ്ഞു.
ഹജ്ജ്, ഉംറ കാര്യങ്ങളുമായി ബന്ധപ്പെട്ട ഏഴ് സർക്കാർ മന്ത്രാലയങ്ങളുമായി ഏകോപിപ്പിച്ചുകൊണ്ട് ഗതാഗത മേഖലയിലെ വ്യവസ്ഥകൾക്കും ആവശ്യകതകൾക്കും അനുസൃതമായി ഹജ്ജ് സീസണിലേക്കുള്ള ഗതാഗത സംവിധാനങ്ങൾ ഒരുക്കാനും ആവശ്യമായ സീറ്റുകൾ കണക്കാക്കാനും വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ജനറൽ ഓട്ടോമൊബൈൽ സിൻഡിക്കേറ്റ്. കൂടാതെ ബസുകളുടെ നിലവാരം, ബസുകളുടെ ലഭ്യത, പ്രവർത്തന ക്ഷമത, വർക്ക്ഷോപ്പുകളുടെ കാര്യക്ഷമത, ട്രാക്കിങ് സംവിധാനങ്ങളുടെ കാര്യക്ഷമത, ഇലക്ട്രോണിക്, ബദൽ സൗകര്യം, ബസ് ഡ്രൈവർമാർക്കുള്ള ഭവന, ഉപജീവന ഫയലുകൾ എന്നിവ ഉറപ്പുവരുത്തുക ഓട്ടോമൊബൈൽ സിൻഡിക്കേറ്റിന്റെ പ്രവർത്തന പരിധിയിൽപ്പെടുമെന്നും അൽമിഹ്മാദി പറഞ്ഞു.