വലിയപെരുന്നാൾ അവധിയും സ്കൂൾ അവധിയും എത്തിയതോടെ
യുഎഇയിലെ വിമാനത്താവളങ്ങളിലെ തിരക്ക് പൂര്‍ണതോതിലേക്ക്. കുടുംബസമേതം നാട്ടിലേക്ക് പുറപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. കൊവിഡ് യാത്രാ നിയന്ത്രണങ്ങൾ ഒഴിവായതോടെ രണ്ടുവര്‍ഷത്തെ ഇടവേളയിലാണ് ഭൂരിഭാഗം കുടുംബങ്ങളുടേയും യാത്ര.
നിരവധി മലയാളി പ്രവാസികളും നാട്ടിലേക്ക് ടിക്കറ്റെടുത്തിട്ടുണ്ട്. യാത്രാ തിരക്ക് കണക്കിലെടുത്ത് വിമാനകമ്പനികളും വിമാനത്താവളങ്ങളും നേരത്തേതന്നെ മുന്‍കരുതലുകൾ സ്വീകരിച്ചിരുന്നു. ദുബായ് വിമാനത്താവളം വഴി പ്രതിദിനം രണ്ടേകാല്‍ ലക്ഷം പേര്‍ യാത്ര ചെയ്യുമെന്നാണ് സൂചന. ജൂലൈ രണ്ട്, എട്ട്, ഒന്‍പത് തീയതികൾ ഏറ്റവും തിരക്കേറിയ ദിവസങ്ങളാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
റണ്‍വേ നവീകരണം പൂര്‍ത്തിയായതോടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സര്‍വ്വീസുകളും പൂര്‍ണതോതില്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ നോര്‍ത്തേണ്‍ റണ്‍വേയുടെ നവീകരണം വന്‍ വിജയമെന്നും ദുബായ് വിമാനത്താവള അധികൃതര്‍ സൂചിപ്പിച്ചു. ഒന്നര മാസത്തെ അടച്ചിടലിന് ശേഷം കഴിഞ്ഞ 22നാണ് റണ്‍വേ പ്രവര്‍ത്തനം പുനരാരംഭിച്ചത്. എമിറേറ്റ് എയര്‍ ലൈന്‍സ് , ഇത്തിഹാദ് എയര്‍വേസ് തുടങ്ങി വിമാനകമ്പനികൾ യാത്രക്കാര്‍ക്കായി വിവിധ ഓഫറകളും ഒരുക്കിയിട്ടുണ്ട്.
എന്നാല്‍ ടിക്കറ്റ് നിരക്ക് അഞ്ചിരട്ടി വര്‍ദ്ധിച്ചത് പ്രവാസി കുടുംബങ്ങളുടെ യാത്രാ ബഡ്ജറ്റിനെ സാരമായി ബാധിച്ചു. രണ്ടുമാസം മുന്‍പ് മുന്‍കൂര്‍ ബുക്കുചെയ്തവര്‍ക്ക് മാത്രമാണ് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭ്യമായത്. മിക്കവരും തിരകെ മടങ്ങിയെത്തുന്ന ഓഗസ്റ്റ് അവസാനം വരെ ടിക്കറ്റ് നിരക്ക് ഉയര്‍ന്ന് നില്‍ക്കാനാണ് സാധ്യത. ഹജ്ജ് തീര്‍ത്ഥാടനവും ഖത്തര്‍ ലോകകപ്പും കൂടി കണക്കിലെടുക്കുമ്പോൾ ഗൾഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങൾ വരും ദിവസങ്ങളില്‍ തിരക്കിലമരും.